വിജയ് ബാബുവിനെതിരെ നടപടിയില്ല; അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ച് മാലാ പാര്‍വതി
Kerala News
വിജയ് ബാബുവിനെതിരെ നടപടിയില്ല; അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ച് മാലാ പാര്‍വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2022, 9:16 am

കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലപ്പോക്കില്‍ പ്രതിഷേധിച്ച് അമ്മ സംഘടനയിലെ പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ച് നടി മാലാ പാര്‍വതി. മാലാ പാര്‍വതി അമ്മക്ക് രാജിക്കത്ത് നല്‍കി. സമിതിയിലെ മറ്റ അംഗങ്ങള്‍ക്കും വിഷയത്തില്‍ കടുത്ത അമര്‍ഷമുണ്ട്. പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ചെങ്കിലും അമ്മയിലെ അംഗത്വം അവര്‍ തുടരും.

ഈ പരാതി പരിഹാര സെല്ലിലിരുന്നു ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോയെന്ന് തനിക്ക് സംശയമാണെന്ന് മാലാ പാര്‍വതി രാജിക്കത്തില്‍ പറഞ്ഞു. ‘ഒരു പരാതി പരിഹാര സെല്ല് നിയമം പാലിക്കുന്നതിനും സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്താനും ഉപയോഗപ്രദമായിരുന്നു. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇത് കേവലം ഒരു പരാതി പരിഹാര സമിതിയല്ല, പീഡനം തടയുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കുകയും നടപടികള്‍ക്ക ശുപാര്‍ശ നല്‍കുകയും ചെയ്യേണ്ടതുണ്ട്.

ഉചിതമായി മറ്റുള്ളവരോട് പെരുമാറാന്‍ അംഗങ്ങള്‍ നിയമപരമായി ബാധ്യസ്ഥരാണ്. കമ്മിറ്റി അംഗമാകുക എന്നത് വലിയ ഉത്തരവാദിത്തമാണ്, കമ്മിറ്റിക്ക് സ്വയംഭരണാധികാരമുണ്ടെങ്കില്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ, എന്നാല്‍ ഇപ്പോള്‍ എന്റെ മനഃസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്,” അവര്‍ പറഞ്ഞു.

നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സണായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം.

നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ മറുപടി പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.

Content Highlight: Actress Mala Parvathy resigns from Amma’s internal compailnt comittee  in protest of delay in action against Vijay Babu