Entertainment news
അന്ന് ചാക്കോച്ചന്‍ ഭയങ്കരമായി എന്നോട് ബഹളം വെച്ചു, പിന്നെയാണ് കാര്യം മനസിലായത്: ജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 14, 05:07 am
Friday, 14th April 2023, 10:37 am

മാലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോമോള്‍. 1989ല്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ജോമോള്‍ സിനിമയിലേക്ക വന്നത്. മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിച്ചിരുന്നു.

താരം സിനിമയില്‍ ഇപ്പോള്‍ സജീവമല്ല. തന്റെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബനുമൊത്തുള്ള പഴയ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജോമോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

‘ചാക്കോച്ചന്റെ കൂടെ അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ചാക്കോച്ചന്റെ ആരാധികയായിരുന്നു. അപ്പോള്‍ ചാക്കോച്ചന്റെ കൂടെയാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. കോളേജിലൊക്കെ ഞാന്‍ കുറച്ചുകൂടി താരമായി മാറി. പിന്നെ ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ പോയി. പതിയെ ചാക്കോച്ചന്‍ നല്ല സുഹൃത്തായി.

അങ്ങനെ ഒരു സിനിമയില്‍ നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ഞാന്‍ ഡിന്നറൊക്കെ കഴിഞ്ഞ് അടുത്ത ഷോട്ടിന് വേണ്ടി ഒരുങ്ങി വന്നു. അപ്പോള്‍ ചക്കോച്ചന്‍ ഭയങ്കര ബഹളം ഉണ്ടാക്കുന്നു. എന്റെ അടുത്തൊക്കെ ബഹളം വെച്ചു. എന്നെ കാണുമ്പോഴൊക്കെ ഞാന്‍ താമസിച്ചു എന്നൊക്കെ പറഞ്ഞു വഴക്ക് പറയും.

അതിന് ഞാന്‍ എന്ത് ചെയ്തു എന്നു ഞാന്‍ ആലോചിച്ചു. അപ്പോള്‍ അവിടെ ഒരാള്‍ പറഞ്ഞു, പുള്ളി കള്ളുകുടിച്ചിട്ടുണ്ട് എന്ന്. ഞാന്‍ ആദ്യമായിട്ടായിരുന്നു നൈറ്റ് ഷൂട്ടിന് പോകുന്നത്. ആ സമയത്ത് ഓരോന്ന് പറഞ്ഞ ചാക്കോച്ചന്‍ വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി. കുറേ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് പേടിച്ചു. പിന്നെയാണ് പുള്ളി വന്ന് പറഞ്ഞത് ഇത് വെറും അഭിനയമായിരുന്നു എന്ന്,’ ജോമോള്‍ പറഞ്ഞു.

content highlight: actress jomol share funny experience with kunchacko boban