അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നയാളാണ് താനെന്നും എല്ലാവരും അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും നടി ദിവ്യ പ്രഭ. എല്ലാവരും ഫെമിനിസ്റ്റാകണമെന്നും, കേസിലെ പ്രതികളെ കാണുന്നതുപോലെയാണ് ഫെമിനിസ്റ്റുകളെ സമൂഹം കാണുന്നതെന്നും താരം പറഞ്ഞു. അറിയിപ്പ് എന്ന സിനിമയുടെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘നമ്മൂടെ സമൂഹത്തില്‍ ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്ന പല വിഷയങ്ങളും അറിയിപ്പില്‍ പറയുന്നുണ്ട്. പ്രത്യേകിച്ച് പാട്രിയാര്‍ക്കിയെ കുറിച്ചുവരെ സിനിമ സംസാരിക്കുന്നുണ്ട്. എന്നാല്‍ അത് വേറൊരു സാഹചര്യത്തിലാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത് എന്നുമാത്രമാണ് വ്യത്യാസം.
എന്നാല്‍ ഇതേ കാര്യങ്ങളൊക്കെ തന്നെയാണ് സിനിമയില്‍ പറയുന്നത്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ് ഞാന്‍. എല്ലാവരും അങ്ങനെ തന്നെയാവണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതു മാത്രമല്ല എല്ലാവരും ഫെമിനിസ്റ്റാകണം എന്നാണ് എന്റെ ആഗ്രഹം.
എല്ലാ ആള്‍ക്കാരും ചോദിക്കാറുണ്ട് ഫെമിനിസ്റ്റാണോ അല്ലയോ എന്ന്. നീ മറ്റേ കേസില്‍ പ്രതിയല്ലേയെന്ന് ചോദിക്കുന്നതുപോലെയാണ് പലരുടെയും ചോദ്യം. എപ്പോഴായാലും അഭിപ്രായങ്ങള്‍ തുറന്ന് പറയണമല്ലോ.
ഫെമിനിസം എന്ന വാക്കിനെ പലപ്പോഴും നമ്മള്‍ തെറ്റിദ്ധരിക്കാറുണ്ട്, എന്നാല്‍ ഇപ്പോള്‍ അതിലൊക്കെ മാറ്റം വന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴും സിനിമയെ എങ്ങനെ സമീപിക്കണമെന്നും അതിനായി എങ്ങനെ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കാരണം എനിക്കൊരു അക്കാദമിക് ബാക്ക്ഗ്രൗണ്ടില്ല.
പക്ഷെ ഞാന്‍ വിശ്വസിക്കുന്നത്, ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും ഈ ഒമ്പത് വര്‍ഷമെന്ന് പറയുന്നത് എനിക്ക് പഠിക്കാനുള്ള സമയമായിരുന്നു. ചെറിയ റോളുകളായിരുന്നു ചെയ്തതെങ്കിലും അതില്‍ നിന്നെല്ലാം പലതും എടുക്കാന്‍ ഉണ്ടായിരുന്നു,’ ദിവ്യ പ്രഭ പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പില്‍ ദിവ്യ പ്രഭയെ കൂടാതെ കുഞ്ചാക്കോ ബോബനാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. ബുസാന്‍ ചലച്ചിത്ര മേള, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയില്‍ പ്രദര്‍ശത്തിനെത്തിയ ചിത്രമാണിത്. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഡിസംബര്‍ പതിനാറിന് നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ റിലീസ് ചെയ്യും.
content highlight: actress divya prabha talks about her new movie