Entertainment news
ഒരു 'ഉമ്മ', ഉള്ളുലക്കുന്ന കാഴ്ച; സൗദി വെള്ളക്കയിലൂടെ മലയാള സിനിമക്ക് കിട്ടിയ സ്വത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 03, 07:10 am
Saturday, 3rd December 2022, 12:40 pm

ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സൗദി വെള്ളക്ക CC 225/2009. ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രം ക്രൈം ത്രില്ലര്‍ ഴോണറിലാണെങ്കില്‍ സൗദി വെള്ളക്ക അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സോഷ്യല്‍ ഡ്രാമയാണ്.

മേക്കിങ് കൊണ്ടും കഥ കൊണ്ടും തരുണിന്റെ മാജിക്ക് തന്നെയാണ് ചിത്രം. ബിനു പപ്പു, ലുക്മാന്‍ അവറാന്‍ എന്നീ താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെന്ന് പോസ്റ്ററും ട്രെയ്‌ലറും കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നാം. എന്നാല്‍ ഈ വെള്ളക്ക കഥ ഇവരുടേതല്ല. കൊച്ചിയിലെ തോപ്പുപടിയിലുള്ള സൗദി എന്ന സ്ഥലത്ത് ജീവിക്കുന്ന ആയിഷ റാവുത്തറിന്റെതാണ്.

സ്‌പോയിലര്‍ അലര്‍ട്ട്…

ദേവി വര്‍മയാണ് ആയിഷ റാവുത്തര്‍ എന്ന കഥാപാത്രമായി സിനിമയില്‍ ജീവിച്ചത്. സൗദി വെള്ളക്ക കഴിഞ്ഞിറങ്ങുമ്പോള്‍ പിന്നീട് ആയിഷ റാവുത്തര്‍ നമ്മുടെ മനസിലാണ് ജീവിക്കുക. അത്രമാത്രം തീവ്രമായാണ് തരുണ്‍ ആയിഷ റാവുത്തറിന്റെ ജീവിതം വരച്ചു കാണിച്ചിരിക്കുന്നത്. ഒരു ചെറിയ വെള്ളക്ക(മച്ചിങ്ങ) കാരണം കോടതി കയറി ഇറങ്ങേണ്ടി വരുന്ന ആയിഷ റാവുത്തറിന്റെ കഥയാണ് തരുണിന്റെ സൗദി വെള്ളക്ക.

നീതിന്യായ വ്യവസ്ഥയുടെ മെല്ലെ പോക്കില്‍ ശ്വാസം മുട്ടി വര്‍ഷങ്ങളോളം ഒറ്റക്ക് പൊരുതേണ്ടി വന്ന ഉമ്മ മാത്രമാണ് ചിത്രത്തിലുള്ളതെങ്കിലും കോടതി കയറി ഇറങ്ങി, ജീവിക്കാന്‍ മറന്ന ഒരുപാട് പേരുടെ കഥയാണ് സൗദി വെള്ളക്ക. നിരവധി താരങ്ങള്‍ അതിനിടക്ക് വരുന്നുണ്ടെങ്കിലും ആയിഷ റാവുത്തര്‍ കാഴ്ചക്കാരില്‍ ഉണ്ടാക്കുന്ന വിങ്ങലിന് അതൊന്നും ആശ്വാസമാവില്ല.

സിനിമയാണെന്ന് അറിയാതെ ഈ ഉമ്മയുടെ സങ്കടത്തില്‍ നമ്മളും ഒപ്പം ചേരും. ഉമ്മ കരയുമെന്ന് പ്രേക്ഷകന് തോന്നുന്ന സ്ഥലങ്ങളില്‍ പോലും ഒരുവേള പ്രേക്ഷകന്റെ കണ്ണ് നിറയും. കാഴ്ചക്കാരില്‍ അത്രമാത്രം പ്രതിഫലനം ഉണ്ടാക്കാന്‍ ദേവി വര്‍മ എന്ന അഭിനേത്രിക്ക് സാധിച്ചു. സിനിമയിലുടനീളമെത്തുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം പറയാന്‍ അവരുടെ ദുഖങ്ങളും സന്തോഷങ്ങളും ജീവിതവുമുണ്ട്.

അവിടെ ആയിഷ റാവുത്തര്‍ അഭിനയിച്ച് തകര്‍ക്കുന്നില്ല, അനാവശ്യ ഡയലോഗുകളില്ല. സംസാരിക്കേണ്ട ഇടത്തും മൗനം മാത്രം. വെറുതെ അഭിനയിക്കാതെ ഇരിക്കുന്ന ദേവി വര്‍മ സിനിമയിലുട നീളം നമ്മുടെ ഉള്ളുലക്കുന്നുണ്ട്. വക്കീലിനെ കണ്ട് ഉമ്മ ഇറങ്ങുമ്പോള്‍ വക്കീലിന്റെ ഭാര്യ പോലും പറയുന്നത് ഒരു വികാരമില്ലാത്ത സ്ത്രീ എന്നാണ്. ആ വികാരമില്ലായ്മയാണ് അവരോട് നമ്മളെ ചേര്‍ത്ത് വെക്കുന്നത്.

ആയിഷ റാവുത്തറും മകന്‍ സത്താറും തമ്മിലുള്ള സീനുകള്‍ക്ക് വല്ലാത്ത ആഴമാണ്. മോന് മനസ് കൊണ്ട് മാത്രമേ സ്‌നേഹിക്കാന്‍ പറ്റുവെന്ന് ആ ഉമ്മ പറഞ്ഞ് വെക്കുമ്പോള്‍ നമ്മുടെ നെഞ്ച് പിടക്കും. ഡയലോഗിന്റെ അതിപ്രസരമോ ഭാവപ്രകടനങ്ങളോ സൗദി വെള്ളക്കയിലില്ല. കാഴ്ചക്കാരുടെ കണ്ണും മനസും നിറക്കാന്‍ ഇതിന്റെ ഒന്നും ആവശ്യമില്ലെന്നതാണ് സൗദി വെള്ളക്ക പറഞ്ഞ് വെക്കുന്നത്.

നീ ഉമ്മാനെ കളയാന്‍ കൊണ്ടുപോവുകയാണോ എന്ന് മകനോട് ചോദിക്കുന്ന ഒറ്റ സീനിന് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കോടതി കയറി ബുദ്ധിമുട്ടുന്ന നിരവധി കഥാപാത്രങ്ങളെ പല സിനിമകളിലായി നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരൊന്നും ഈ ഉമ്മൂമ്മ പറഞ്ഞ് വെക്കുന്നപോലെ നീതി ന്യായ വ്യവസ്ഥയുടെ മെല്ലെ പോക്കിനെക്കുറിച്ച് പ്രേക്ഷകരെ ഇത്രമാത്രം ചിന്തിപ്പിച്ചിട്ടില്ല. കോടതി കേറി ശീലമായി എന്ന് ആയിഷുമ്മ പറയുമ്പോള്‍ കൃത്യമായി പ്രേക്ഷകന്റെ മനസിലാണ് അത് കൊള്ളുക.

ഈ ഉമ്മ സിനിമയില്‍ ഒന്ന് ചിരിക്കുന്ന അവസാന ഭാഗം വരെ പ്രേക്ഷകരുടെ നെഞ്ചില്‍ വല്ലാത്ത ഒരു ഭാരം അനുഭവപ്പെടുന്നുണ്ട്. അവരുടെ ചിരി അതിനെല്ലാം ആശ്വാസമാവുന്നുണ്ട്. ആയിഷ റാവുത്തറിന് ശബ്ദം നല്‍കിയ പൗളി വല്‍സന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്. ചെറിയ മൂളലില്‍ പോലും കഥാപാത്രത്തിന്റെ വിങ്ങല്‍ എത്രമാത്രമാണെന്ന് പ്രേക്ഷകനെ അറിയിക്കാന്‍ പൗളി വല്‍സന്റെ ശബ്ദത്തിന് സാധിക്കുന്നുണ്ട്.

എല്ലാ വീട്ടിലും നമ്മുടെ പരിസരത്തും ഇതുപോലൊരു വയോധികയെ കാണാം. മനുഷ്യന്റെ കാര്യം ഇത്രയൊക്കെയെ ഉള്ളുവല്ലെ എന്ന് ചിത്രത്തില്‍ കുഞ്ഞോന്‍( ലുക്മാന്‍) ഒരിടത്ത് പറഞ്ഞ് വെക്കുന്നുണ്ട്. അതില്‍ നിന്നും മനുഷ്യന്‍ ഇത്രയുമൊക്കെയാണെന്ന യാഥാര്‍ത്ഥ്യം കൂടി ആയിഷ റാവുത്തറിലൂടെ സിനിമ ഒടുവില്‍ പറയുന്നു.

content highlight: actress devi varama in the movie saudi vellakka