ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഡബ്ല്യൂ.സി.സി ചോദിക്കുന്നു.
എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്‍കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നും അവര്‍ ചോദിച്ചു.
നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘര്‍ഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോള്‍ തന്നെ, ഇത്തരം സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളില്‍ സത്യം അറിയുന്നതിന് ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍ കരുതുന്നുവെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി നടന്‍ ദിലീപ് രംഗത്ത് എത്തിയിരുന്നു. ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് ദിലീപ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ ആവശ്യം തള്ളുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.