മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നു, നടിയെ ആക്രമിച്ച സംഭവം സിനിമയാക്കുന്നെന്ന് പ്രഖ്യാപിച്ച് ആളൂര്‍; സത്യാവസ്ഥ ഇതാണ്
Kerala News
മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നു, നടിയെ ആക്രമിച്ച സംഭവം സിനിമയാക്കുന്നെന്ന് പ്രഖ്യാപിച്ച് ആളൂര്‍; സത്യാവസ്ഥ ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th July 2018, 12:30 pm

കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന് “അവാസ്തവം” എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും ചെയ്യുന്നത് അഭിഭാഷകന്‍ ബി.എ.ആളൂരാണെന്നും ദിലീപിനു വേണ്ടി നിരാഹാരം കിടന്ന സലിം ഇന്ത്യയാണ് സംവിധാനമെന്നുമായിരുന്നു വാര്‍ത്ത. ഇക്കാര്യം അവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ എത്തി പ്രഖ്യാപിച്ചത്.

10 കോടി മുടക്കി ചിത്രീകരിക്കുന്ന അവാസ്തവം പള്‍സര്‍ സുനിയുടെ വക്കീലായ ആളൂരിന്റെ മേല്‍നോട്ടത്തിലുള്ള ഐഡിയല്‍ ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഐഡിയല്‍ ക്രിയേഷന്‍സ് 100 കോടി മുതല്‍മുടക്കിയാണ് സിനിമാ മേഖലയിലേക്ക് എത്തുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.


Read Also : മഞ്ജുവാര്യര്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഡബ്ല്യു.സി.സി


ചിത്രത്തില്‍ ഡി.ജി.പി ലോക് നാഥ് ബെഹ്റയായി ദിലീപും പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടിയും എ.ഡി.ജി.പി ബി സന്ധ്യയയി വരലക്ഷ്മിയും അഭിനയിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. അക്രമിക്കപ്പെട്ട നടിയായി അഭിനയിക്കാന്‍ വിദ്യാബാലനോ അനുഷ്‌കാ ഷെട്ടിയോ എത്തുമെന്നും നിര്‍മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇങ്ങനെയൊരു സിനിമയുടെ കാര്യം മമ്മൂട്ടിയോ ദിലീപോ അറിഞ്ഞിട്ടു പോലുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കോടതിയുടെ വിചാരണയിലിരിക്കുന്ന ഒരു കേസില്‍ ഇങ്ങനെ സിനിമ പിടിക്കാമോയെന്ന് ആളൂര്‍ വക്കീലിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സൗമ്യ സംഭവം സിനിമയായെന്നായിരുന്നു മറുപടി. എന്നാല്‍ സൗമ്യ കേസില്‍ വിധി വന്നശേഷമല്ലേയെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ അക്കാര്യം ആളൂര്‍ വക്കീല്‍ സമ്മതിച്ചു. പണം ആരിറക്കുമെന്ന് ചോദിച്ചപ്പോള്‍ അതിനൊക്കെ കൈവശം ആളുണ്ടെന്നായിരുന്നു ആളൂരിന്റെ മറുപടി.


Read Also :രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നു


ചിത്രീകരണം ഓണത്തിന് തുടങ്ങുമെന്നാണ് അറിയിയിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായൊരുത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുകയും കള്ളം പറയുകയും ചെയ്ത് എന്തിനായിരുന്നു ഇങ്ങനെയൊരു വാര്‍ത്തസമ്മേളനം എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.