ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മാര്‍ച്ച് 31 വരെ സമയം വേണമെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസത്തിലേറെ സമയം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കാനുണ്ടെന്നും വിചാരണ കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.
വിചാരണയ്ക്ക് കോടതിയുടെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണ കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് എട്ട് മാസം സമയം നല്‍കണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നത്.
അതേസമയം, കേസില്‍ വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രൊസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ പരിശോധനയില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടികൊണ്ടുപോകാനാണെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ സമഗ്രമായ അന്വേണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജിയിലായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്.