നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഡയറ്റ് പ്ലാന്‍ വെച്ച് ഒരുമാസം കൊണ്ട് ആറ് കിലോയിലേറെ ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള നടി അനു സിത്താരയുടെ പോസ്റ്റ് വലിയ രീതിയില്‍ വൈറലായിരുന്നു. ശരിയായ ഡയറ്റ് പഠിപ്പിച്ചു തന്ന ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അനു സിത്താരയുടെ പോസ്റ്റ്. അനുവിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത്തരമൊരു മാറ്റം കഥാപാത്രത്തിന് വേണ്ടിയല്ലെന്നും തനിക്ക് തന്നെ വേണ്ടിയാണെന്നും അനു സിത്താര പറയുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പറഞ്ഞുതരണമെന്ന് ഉണ്ണി മുകുന്ദനോട് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹം അത്ഭുതപ്പെടുകയായിരുന്നെന്നും തന്നെക്കൊണ്ട് ഇതിനൊന്നും കഴിയില്ലെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞതെന്നും അനു സിത്താര ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ആറ് കിലോയായിരുന്നു ആദ്യം കുറച്ചതെന്നും എന്നാല്‍ ഏറ്റവും ഒടുവില്‍ നോക്കിയപ്പോള്‍ ശരീരഭാരം രണ്ട് കിലോകൂടി കുറഞ്ഞെന്നും അനു പറയുന്നു. ‘ ഇത് എനിക്ക് ഒക്കെ ആണെന്നാണ് തോന്നുന്നത്. ഇപ്പോള്‍ രാമന്റെ ഏദന്‍തോട്ടം ചെയ്യുന്ന സമയത്തുള്ള ഞാനായി. അധികം ഭാരം കുറയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് എനിക്ക് ചേരുകയുമില്ല’, അനു പറയുന്നു.
അതേസമയം തന്നെ ശരീരം ശ്രദ്ധിക്കാനും വ്യായാമങ്ങള്‍ ചെയ്യാനും തനിക്ക് മടിയാണെന്നും അനു സിത്താര പറയുന്നു. കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും രാവിലെ മെയ് സാധകം എന്നൊരു സെഷന്‍ ഉണ്ടായിരിക്കും. എന്നാല്‍ പിന്നീടതൊന്നും ഞാന്‍ തുടര്‍ന്ന് കൊണ്ടുപോയിട്ടില്ല.
ഹയര്‍സെക്കന്ററി ക്ലാസിലും ഡിഗ്രി ചെയ്യുമ്പോഴുമെല്ലാം മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ശരീരഭാരം കൂടിത്തുടങ്ങി. ഉണ്ണിയേട്ടന് നേരത്തെ പരിചയമുള്ള ഫിറ്റ്‌നെസ് ട്രെയിനറുടെ സഹായം തേടിയായിരുന്നു ആദ്യം ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. എന്നാല്‍ ആദ്യം ഒരു ഡയറ്റ് ഫോളോ ചെയ്യാനും നൃത്തപരിശീലനം തുടരാനുമായിരുന്നു ഉണ്ണിച്ചേട്ടന്‍ പറഞ്ഞത്. അതിന് ശേഷം എന്ത് മാറ്റം ഉണ്ടാകുമെന്ന് നോക്കാമെന്നും പറഞ്ഞു.
അങ്ങനെയാണ് എനിക്ക് ഡയറ്റ് പ്ലാന്‍ പറഞ്ഞു തന്നത്. നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ എന്നായിരുന്നു ആദ്യം ഉണ്ണിയേട്ടന്‍ പറഞ്ഞത്. നീ ഇതൊക്കെ വെറുതെ ചോദിക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാമെന്ന് ഞാനും കരുതി. അങ്ങനെയാണ് തുടങ്ങിയത്, അനു സിത്താര പറയുന്നു.
ഇത്രയൊന്നും വണ്ണം കുറയ്ക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്നും ‘അനു നന്നായി മെലിഞ്ഞല്ലോ’ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അത് വലിയ പ്രചോദനമായെന്നും പിന്നീട് സ്ട്രിക്ട് ആയിട്ടുള്ള ഡയറ്റ് തുടങ്ങിയെന്നും താരം പറയുന്നു. ഒരു മാസം കൃത്യമായി ഡയറ്റ് തുടര്‍ന്നു. ഒപ്പം നൃത്തവും പ്രാക്ടീസ് ചെയ്തു. നേരത്തെ നൃത്തം ചെയ്ത് തുടങ്ങുമ്പോഴേക്ക് കിതപ്പുവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല, താരം പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക