വിനോയ് തോമസിന്റെ കഥക്ക് എസ്.ഹരീഷ് തിരക്കഥയൊരുക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. സിനിമ ഇറങ്ങിയത് മുതല്‍ ചര്‍ച്ചയായിരുന്നത് സിനിമയില്‍ സംഭാഷണങ്ങള്‍ക്കിടയില്‍ ഉപയോഗിച്ച തെറികളായിരുന്നു. ആ തെറികള്‍ രൂപപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമക്ക് തിരക്കഥയൊരുക്കിയ എസ്.ഹരീഷ്. ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് സിനിമയിലെ തെറികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
തിരക്കഥയില്‍ എഴുതിയ തെറികള്‍ നടന്‍മാര്‍ വിപൂലീകരിച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഹരീഷ് പറഞ്ഞു. ‘ആള്‍റെഡി തെറിയെഴുതുന്ന ആള്‍ എന്ന ഒരു പേര് എനിക്കുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. നാട്ടിലെ സുഹൃത്തുക്കള്‍ പറയുന്നത് അവരുടെ സംഭാവനയാണ് ഈ തെറികളെന്നാണ്. അവരില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നാണ് അവര്‍ പറയുന്നത്. പലപ്പോഴും അത് ശരിയുമാണ്.
ചുരുളിയിലേക്ക് വരുമ്പോള്‍, അത് വിനോയ് താമസിന്റെ കഥയാണ്. ഞാന്‍ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ലിജോയ്ക്ക് അയച്ചു കൊടുത്തു. സിനിമയാക്കാന്‍ വേണ്ടിയായിരുന്നില്ല, വായിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷെ പിന്നീട് ലിജോയെ കണ്ടപ്പോള്‍ അദ്ദേഹം ആ കഥയില്‍ വളരെ എക്‌സൈറ്റഡായിരുന്നു. പിന്നീട് അത് സിനിമയായി.
സ്‌ക്രിപ്റ്റില്‍ നമ്മള്‍ എഴുതിയ തെറി നടന്‍മാര്‍ കുറച്ചുകൂടെ വിപൂലീകരിച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. നടന്‍മര്‍ അത് നന്നായി ഇംപ്രൊവൈസ് ചെയ്ത് അവരുടെ കഴിവ് തെളിയിച്ചു. പുതിയ ആളുകള്‍ക്കിടയില്‍ തെറി പറയുന്നതിന് യാതൊരു തടസ്സവുമില്ല, അവരതിനെ ഒരു സ്വാഭാവിക സംസാരമായാണ് എടുക്കുന്നത്. തെറി പലപ്പോഴും ചീത്ത പറയുന്നതിനപ്പുറം തമാശയായി ഉപയോഗിക്കാറുണ്ട്. പല സ്ഥലത്തും അങ്ങനെയാണ് ഉപയോഗിക്കുന്നത്.
സുഹൃത്തുക്കളെയൊക്കെ നമ്മള്‍ തോളില്‍ തട്ടി തെറിവിളിക്കാറുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ തെറിവിളിക്കുന്നതല്ല, ഒരു സ്‌നേഹപ്രകടനമാണ്. ഉദാഹരണത്തിന്, നാട്ടില്‍ ഒരു കാളച്ചന്തയുണ്ട്. അവിടെ രാവിലെ പോയാല്‍ തെറിവിളി കേള്‍ക്കാം. അത് വിദ്വേഷത്തോടെയുള്ള തെറിവിളിയുമല്ല. ഭാഷയുടെ ജൈവ രൂപം തെറിയാണെന്നാണ് ഞാന്‍ കരുതുന്നത്. സംസ്‌കൃതത്തില്‍ മാത്രമാണ് തെറിയില്ലാത്തത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം സംസ്‌കൃതം ഒരു മൃതഭാഷയായത് കൊണ്ടാണത്. ജീവിക്കുന്ന ഭാഷയില്‍ തെറിയുണ്ടാകും.
തെറികളില്‍ നന്നായി സ്ത്രീവിരുദ്ധതയുണ്ട്. സമൂഹം സത്രീവിരുദ്ധമായത് കൊണ്ടാണത്. കുറെ കഴിയുമ്പോള്‍ അത് മാറുമായിരിക്കും. സ്ത്രീ വിരുദ്ധം മാത്രമാണ് തെറികള്‍ എന്ന് പറയാന്‍ പറ്റില്ല. അല്ലാത്ത തെറികളുമുണ്ട്. ശരീര വിരുദ്ധം പോലുമാകാറുണ്ട് ചിലപ്പോള്‍ തെറികള്‍. പ്രാകൃതമാണ് തെറികള്‍ എന്ന് പറയാന്‍ പറ്റില്ല. നാഗരിക സമൂഹത്തിലും തെറികളുണ്ട്’, ഹരീഷ് പറഞ്ഞു.
CONTENT HIGHLIGHTS: Actors have expanded the twists and turns better than in the story: S. Harish