സിനിമാ നിരൂപണത്തെ കുറിച്ച് സംവിധായക അഞ്ജലി മേനോന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ചതിന് ശേഷമാണ് റിവ്യു ചെയ്യേണ്ടത് എന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്. ഇപ്പോള്‍ ഈ പ്രസ്ഥാവനയോട് പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.
സിനിമ റിവ്യൂകള്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഹൃദയത്തിലെ ആദ്യ കാഴ്ചയില്‍ നായികയോട് പ്രണയം തോന്നുന്ന സീനിന് നേരെ വന്ന വിമര്‍ശനങ്ങളില്‍ നിന്നും തനിക്ക് കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചുവെന്നും വിനീത് പറഞ്ഞു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന വിനീതിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”വിമര്‍ശനത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. നമ്മുടെ സിനിമയുടെ കറക്ഷന്‍ പ്രോസസ് നടക്കുക സിനിമ ഇറങ്ങി കുറച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടാണ്. അപ്പോള്‍ കാണുന്ന റിവ്യൂകളില്‍ നിന്നാണ് നമ്മള്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ കിട്ടും.
ഹൃദയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ അതില്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കൊണ്ട് കുറേ റിവ്യൂസ് ഇട്ടിരുന്നു. അതായത് പത്തിരുപത്തെട്ട് വയസായിട്ടും അതിലെ കഥാപാത്രത്തിന് വീണ്ടും കാണുമ്പോള്‍ പ്രേമം ഉണ്ടാകുമോയെന്ന് ചോദിച്ചിട്ട് കുറേ ആളുകള്‍ വിമര്‍ശിച്ചിരുന്നു.
അത് എനിക്ക് ഒരു പോയിന്റായിരുന്നു. ഇനി ഞാന്‍ സിനിമ ചെയ്യുമ്പോള്‍ അത്തരം കാര്യം ശ്രദ്ധിക്കണമെന്ന് അതില്‍ നിന്നും ഉള്‍ക്കൊണ്ടു. 18 വയസില്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നിയാല്‍ കുഴപ്പമില്ല. ഇത്രയും വയസായ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് മനസിലാകുന്നത് ഒരാളുടെ റിവ്യൂ കണ്ടിട്ടാണ്. എനിക്ക് ഇതെല്ലാം ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
ഞാന്‍ മലര്‍വാടി ചെയ്യുമ്പോള്‍ ഓര്‍ക്കുട്ട് സജീവമായ സമയമാണ്. അതില്‍ നിറയെ ഫിലിം ഗ്രൂപ്പുകളും ഡിസ്‌കഷനും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയെ ഇങ്ങനെ കാണുന്നവരും ഉണ്ടെന്ന് അന്നേ മനസിലായിരുന്നു. ചില കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇത്തരം കഥാപാത്രം വേണ്ട എന്നൊക്കെ ചിന്തിക്കാന്‍ റിവ്യൂസ് കൊണ്ട് സാധിച്ചിട്ടുണ്ട്.
ഇറങ്ങുന്ന സമയത്ത് കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും പിന്നീട് അത് ഒരു ഗുണമായി മാറും. പിന്നെ ആള്‍ക്കാര്‍ പൈസ കൊടുത്ത് സിനിമക്ക് പോകുമ്പോള്‍ അവര്‍ പറയുമല്ലോ. അതൊന്നും കുഴപ്പമില്ല,” വിനീത് പറഞ്ഞു.