സ്വാതന്ത്ര്യം പ്രധാന പ്രമേയമാക്കി ഒരുക്കിയ ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്.
അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ജിയോ ബേബി, ഫ്രാന്‍സിസ് ലൂയിസ്,
ജിതിന്‍ ഐസക് തോമസ് എന്നിവര്‍ സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ആന്തോളജിയുടെ ഭാഗമായുള്ളത്.
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നവാഗതനായ ജിതിന്‍ ഐസക് സംവിധാനം ചെയ്ത ‘പ്ര.തൂ.മു’ (പ്രജാപതിക്ക് തൂറാന്‍മുട്ടി) ആണ് ആന്തോളജിയിലെ അവസാന ചിത്രം.
ഉണ്ണി ലാലു എന്ന നടനാണ് ഇതില്‍ പ്രധാനകഥാപാത്രമായ ലക്ഷ്മണനെ അവതരിപ്പിച്ചിരിക്കുന്നത്. വളരെയധികം സങ്കീര്‍ണതകളുള്ള ഒരു കഥാപാത്രമാണ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലി ചെയ്യുന്ന ലക്ഷ്മണന്‍.
ഫ്രീഡം ഫൈറ്റ് റിലീസായ ശേഷം സംവിധായകന്‍ ജിയോ ബേബി തന്നെ ഫോണ്‍ വിളിച്ച് അഭിനന്ദിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഉണ്ണി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
”ജിയോ ചേട്ടന്‍ (ജിയോ ബേബി) പടം കണ്ട് വീഡിയോ കോള്‍ ചെയ്തിരുന്നു. ഞാന്‍ ആ സമയത്ത് അല്‍ഫാം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നന്നായി ചെയ്തു, എന്ന് പറഞ്ഞു. ഞാനാണെങ്കില്‍ വേറൊരു ലോകത്തായിപ്പോയി. കാരണം അത്രയും ഇഷ്ടപ്പെടുന്ന, കാണാനാഗ്രഹിക്കുന്ന സംവിധായകനാണ് വിളിക്കുന്നത്.
ജിയോ ചേട്ടന്‍ അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ഇന്നും മനസിലുണ്ട്. അതുപോലുള്ള ഒരു സംവിധായകന്‍ വിളിച്ച് നല്ല നടനാണ് എന്ന് പറയുമ്പോള്‍ അതിലും വലിയ അവാര്‍ഡൊന്നും ഇനി കിട്ടാനില്ല,” ഉണ്ണി ലാലു പറയുന്നു.
വെബ്ബ് സീരിസിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമാണ് ഉണ്ണി ലാലു മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതനായത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്രീഡം ഫൈറ്റ് നിര്‍മിച്ചിരിക്കുന്നത്.