ജോലിക്കാരി എന്നെ കണ്ട് പേടിച്ച് വാതിലടച്ചു, പിന്നെ വാതില്‍ തുറന്നിട്ടില്ല; അനുഭവം പങ്കുവെച്ച് ടി.ജി. രവി
Entertainment news
ജോലിക്കാരി എന്നെ കണ്ട് പേടിച്ച് വാതിലടച്ചു, പിന്നെ വാതില്‍ തുറന്നിട്ടില്ല; അനുഭവം പങ്കുവെച്ച് ടി.ജി. രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th May 2023, 10:35 pm

വില്ലന്‍ വേഷങ്ങള്‍ ചെയ്തത് മൂലം തനിക്കുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ടി.ജി. രവി. തന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ ജോലിക്കാരി തന്നെക്കണ്ടതും പേടിച്ചു വാതിലടച്ചു കളഞ്ഞുവെന്നും ലിഫ്റ്റില്‍വെച്ച് തന്നെ കണ്ട് രണ്ട് പെണ്‍കുട്ടികള്‍ പേടിച്ചിറങ്ങിപ്പോയെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടി.ജി. രവി പറഞ്ഞു.

‘ ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാന്‍ തോന്നിയപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടില്‍ വന്നാല്‍ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹമെന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.

വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരി എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു. പിന്നെയവര്‍ വാതില്‍ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്ത് നിന്ന് എന്നോട് പറഞ്ഞു, ഇവിടെയാരുമില്ലയെന്നും സര്‍ പുറത്ത് പോയെന്നും.

എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ അതില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. ഞാന്‍ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര് തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു.

ഫസ്റ്റ് ഫ്‌ളോര്‍ എത്തിയപ്പോള്‍ തന്നെ അവര്‍ ഇറങ്ങിപ്പോയി. ഓഫീസിലെ ജോലിക്കാരായിരുന്നു ആ രണ്ട് പെണ്‍കുട്ടികളും. എനിക്ക് മനസിലായി അവരെന്നെ കണ്ടിട്ടാണ് പേടിച്ചതെന്ന്, ‘ അദ്ദേഹം പറഞ്ഞു.

താന്‍ ഒരുപാട് നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ വ്യക്തിപരമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് നടി സീമയായിട്ടായിരുന്നെന്നും ടി.ജി. രവി പറഞ്ഞു.

‘ ഒരുപാട് നടിമാരുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നല്ല നടിമാരായിരുന്നു. എനിക്ക് വ്യക്തിപരമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് സീമയായിട്ടായിരുന്നു. സീമയ്ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വളരെ ക്ലോസ് ആയിട്ടാണ് ബിഹേവ് ചെയ്യുക. അവരുമായ് ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ഐ.വി. ശശിയുടെ സിനിമകള്‍ സ്ഥിരമായി ചെയ്തിരുന്ന സമയമുണ്ടായിരുന്നു. മിക്ക സിനിമകളിലും സീമയും ഉണ്ടാവുമായിരുന്നു. ഒരു കോ-ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറത്ത് നല്ല സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍.

സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങള്‍ മാറി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഒരു പ്രൊഫഷനെന്ന നിലയില്‍ അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ട് പ്രത്യേകിച്ച് അതിനുവേണ്ടി ഞാനൊന്നും ചെയ്തില്ല. ഇടയ്ക്ക് ചില കോമഡിയൊക്കെ കിട്ടാറുണ്ടല്ലോ, ‘ ടി.ജി. രവി പറഞ്ഞു.

Content Highlights: Actor T.G. Ravi shares experiences