കൊച്ചി: സമീന്‍ സലീമിന്റെ കഥ കേട്ടപ്പോള്‍ തന്നെ നായകനായി സുരേഷ് ഗോപിയെയാണ് മനസില്‍ തെളിഞ്ഞതെന്ന് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍. സുരേഷ് ഗോപിയുടെ 251-ാം സിനിമയെന്ന വിശേഷണത്തോടെ വരുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിനക്ഷത്രത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.
രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവിടാനാണ് ആഗ്രഹിക്കുന്നത്. സമീര്‍ കഥ പറയുമ്പോള്‍ തന്നെ മനസില്‍ തെളിഞ്ഞത് സുരേഷേട്ടന്റെ ചിത്രമാണ്. അദ്ദേഹം ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി.
‘ പിന്നീട് കഥ നടന്‍ ബൈജുവിനോട് പറഞ്ഞു. ബൈജുചേട്ടനും സുരേഷേട്ടന്റെ പേരാണ് പറഞ്ഞത്. അദ്ദേഹമാണ് സുരേഷേട്ടനെ കണ്ട് കഥ പറയാന്‍ അവസരമൊരുക്കിയത്,’ രാഹുല്‍ പറഞ്ഞു.
‘വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധന്‍. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. വാച്ച് നന്നാക്കുന്ന ആളാണെന്ന് മാത്രം പറയാം. ആ പോസ്റ്റര്‍ കണ്ടാല്‍ അറിയാം പലതും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്. സസ്‌പെന്‍സുകള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല,’ രാഹുല്‍ പറയുന്നു.
അയാള്‍ (സുരേഷ് ഗോപിയുടെ കഥാപാത്രം) ജീവിച്ചിരിക്കുന്നത് തന്നെ ഒരു പ്രതികാരം ചെയ്യാനാണ്. ഡ്രാമയുടെ എല്ലാ പരിവേഷവുമുള്ള ഒരു സസ്‌പെന്‍സ് ത്രില്ലറാണിതെന്നും അദ്ദേഹം പറഞ്ഞു.
എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സന്‍ പൊഡുത്താസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, ക്യാരക്ടര്‍ ഡിസൈന്‍- സേതു ശിവാനന്ദന്‍, മാര്‍ക്കറ്റിംഗ് പി.ആര്‍- വൈശാഖ് സി വടക്കേവീട്.
പോസ്റ്റര്‍ ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, പി.ആര്‍.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.