രാഷ്ട്രീയ മാലിന്യം പേറുന്ന ആള്‍ക്കാര്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ അനുകൂലിച്ച് ഒരു പോസ്റ്റിടാന്‍ എന്നെക്കൊണ്ട് ഗുണം ഉണ്ടായവര്‍ തയ്യാറാവുന്നില്ല: സുരേഷ് ഗോപി
Entertainment news
രാഷ്ട്രീയ മാലിന്യം പേറുന്ന ആള്‍ക്കാര്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ അനുകൂലിച്ച് ഒരു പോസ്റ്റിടാന്‍ എന്നെക്കൊണ്ട് ഗുണം ഉണ്ടായവര്‍ തയ്യാറാവുന്നില്ല: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th September 2022, 12:27 pm

മലയാളികള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും ആ സമയത്ത് സഹായിച്ചവര്‍ പോലും പിന്തുണച്ചില്ലെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. തന്റെ ഇടപെടല്‍ കൊണ്ട് ഗുണമുണ്ടായവര്‍ തന്നെ അവഗണിച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം ഫിലിമീബീറ്റിനോട് പറഞ്ഞു.

”മലയാളികള്‍ എന്നെ കാണുന്ന രീതിയില്‍ വിഷമം തോന്നിയിട്ടുണ്ട്. എന്നെ മനസിലാക്കാത്തത് കൊണ്ടല്ല. രാഷ്ട്രീയ മാലിന്യം പേറുന്ന ആള്‍ക്കാര്‍ എന്നെ കുറ്റപ്പെടുത്തി പറയുമ്പോള്‍ ഞാന്‍ ഇതല്ല എന്നറിയുന്നവര്‍ എന്തുകൊണ്ട് സംഘം ചേര്‍ന്ന് വരില്ലെന്ന് ഓര്‍ത്തിട്ടാണ് എനിക്ക് വിഷമം.

അവരൊന്നും എന്റെ പാര്‍ട്ടിയുടെ ആളുകള്‍ അല്ലെന്ന് എനിക്കറിയാം. അവരൊന്ന് എനിക്ക് വേണ്ടി നിലകൊണ്ടിരുന്നെങ്കില്‍ എന്ന് തോന്നും. എന്റെ ഇടപെടല്‍ കൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് മുന്നോട്ട് വരില്ലെന്ന് ഓര്‍ത്ത് വലിയ വിഷമം തോന്നാറുണ്ട്.

ഒരാളും എനിക്ക് വേണ്ടി പ്രതികരിക്കുന്നില്ല. ബുദ്ധിമുട്ടുണ്ടായ കാലത്ത് എന്നെ സഹായിച്ച ഒരാളെ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടാല്‍ ഞാന്‍ അവരെ പോയി കൊല്ലും. ഒരു സംഭവം ഞാന്‍ പറയാം, മുപ്പത് വയസായ സ്ത്രി അവര്‍ ലോസ് ഏഞ്ചലസില്‍ പോയി. ഗര്‍ഭിണിയായിരുന്നു അവര്‍. കൊവിഡിന്റെ സമയത്താണ് ഇത് നടന്നത്.

 

അവരുടെയും ഭര്‍ത്താവിന്റെയും വിസാകാലാവധി കഴിഞ്ഞു. അവര്‍ അവിടെ നിന്ന് കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് മാത്രം അമേരിക്കന്‍ വിസയായി. അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. തിരിച്ച് നാട്ടിലേക്ക് വരണമെങ്കില്‍ കുഞ്ഞിനെ കൊണ്ടുവരാന്‍ കഴിയില്ല. വാടക കൊടുക്കാന്‍ പോലും അവര്‍ക്ക് കഴിയില്ലായിരുന്നു.

എന്നോട് വിളിച്ച് അവര്‍ ഇത് പറഞ്ഞു. ഞാന്‍ എന്റെ അവിടെയുള്ള സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. ഇവരെ അവിടെ നിന്ന് കടത്താനുള്ള വഴി നോക്കി. കള്ളത്തരമാണെങ്കിലും അത് ചെയ്യാനുള്ള വഴി നോക്കി. കുഞ്ഞിന് അമേരിക്കന്‍ പാസ്‌പോര്‍ട്ട് രക്ഷിതാക്കള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഈ സാഹചര്യത്തില്‍ വരാന്‍ കഴിയില്ല.

ഞാന്‍ അമിത് ഷായെ നേരിട്ട് വിളിച്ചു പറഞ്ഞു. കഥയെല്ലാം പറഞ്ഞപ്പോള്‍ അമിത് ഷായ്ക്ക് ദേഷ്യം വന്ന് ഫോണ്‍ കട്ട് ചെയ്തു. അതിന്റെ പിറ്റേ ദിവസവും ഇതേ ഒരു പ്രശ്‌നം ഉണ്ടായി. കൊല്ലത്ത് നിന്നുള്ള ചെറിയകുഞ്ഞിന് സുഖമില്ല. പനി കൂടി കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല. അമ്മ ഫിലിപ്പിന്‍സിലാണ്. അവര്‍ക്കും ഇതേ പ്രശ്‌നം നാട്ടിലേക്ക് വരാന്‍ കഴിയില്ല.

ഈ കുഞ്ഞിന്റെ കാര്യം അമിത് ഷായോട് പറഞ്ഞപ്പോള്‍ പുതിയ ഒരു ഓര്‍ഡിനന്‍സ് ഇറക്കി എംബസിയുമായി സംസാരിച്ചു. എന്റെ വീടിന് അടുത്തുള്ള ഇവരെ നാട്ടില്‍ എത്തിച്ചു. പക്ഷേ ഞാനാണ് അവരെ സഹായിച്ചതെന്ന കാര്യം മാടന്തറയില്‍ താമസിക്കുന്ന ആ കുടുംബം ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല.

അതുപോലെ ലോസ് ഏഞ്ചലീസില്‍ നിന്ന് വന്ന യുവതിയോട് എന്റെ പാര്‍ട്ടിക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇടുമോ എന്ന് ചോദിച്ചിട്ട് അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഞാന്‍ അതുചെയ്തു ഇതുചെയ്തു എന്ന് തള്ളാന്‍ വരുന്നവരെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ട്.

ഞാന്‍ തള്ളാന്‍ വരുന്നില്ല. പക്ഷേ എന്നെകൊണ്ട് ഗുണം ഉണ്ടായവര്‍ക്ക് മുന്നോട്ട് വന്നുകൂടെ. അവരോട് ഒരു പോസ്റ്റ് ഇടാന്‍ പറഞ്ഞപ്പോള്‍ അവര്‍ പോസ്റ്റ് ഇട്ടു. പക്ഷേ പിറ്റേ ദിവസം പോസ്റ്റ് പിന്‍വലിച്ചു. എന്തുകൊണ്ടാണ് എല്ലാവരും എന്നോട് ഇങ്ങനെ ചെയ്യുന്നത്. മലയാളികളുടെ ഇത്തരം പ്രവര്‍ത്തികള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്,” സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Actor Suresh Gopi says that those he helped do not support him