1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.
മോഹന്‍ലാല്‍ നായകനായ സിനിമയില്‍ സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, കെ.പി.എ.സി. ലളിത, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ്, തിലകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളി മറക്കാത്ത ഒരു കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ മഹാദേവന്‍. ശ്രീധര്‍ എന്ന കന്നഡ നടനായിരുന്നു മഹാദേവനായി എത്തിയത്. ഇപ്പോള്‍ മണിച്ചിത്രത്താഴില്‍ അഭിനയിച്ചത് തനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് പറയുകയാണ് ശ്രീധര്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘മണിച്ചിത്രത്താഴില്‍ അഭിനയിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. ഞാന്‍ കന്നഡ സിനിമയിലൊക്കെ വലിയ സംവിധായകരോടൊപ്പം അഭിനയിക്കുന്ന സമയത്തായിരുന്നു ഈ സിനിമയിലേക്ക് വരുന്നത്.
ഫാസില്‍ സാറിന് ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന ചിന്ത വന്നതോടെ അദ്ദേഹം ശോഭന മാഡത്തോട് നല്ല ഒരു മെയില്‍ ഡാന്‍സര്‍ വേണമെന്ന് പറഞ്ഞു. അന്ന് ശോഭന മാഡമാണ് ‘നല്ല ഒരു ഡാന്‍സറുണ്ട്, അദ്ദേഹം ഒരു നടന്‍ കൂടെയാണ്’ എന്ന് പറയുന്നത്. ആ സമയത്ത് ഞാനും ശോഭന മാഡവും ഒരുമിച്ച് ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു.
അങ്ങനെ മാഡമാണ് എന്നെ കുറിച്ച് ഫാസില്‍ സാറിനോട് പറയുന്നത്. സാര്‍ എന്നെ ഈ സിനിമയിലേക്ക് വിളിക്കുകയും ചെയ്തു. ആ സമയത്ത് ഫാസില്‍ സാര്‍ വളരെ വലിയ ഒരു സംവിധായകനായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാമായിരുന്നു.
സാര്‍ മലയാളത്തിലും തമിഴിലുമായി ചെയ്ത ഒരുപാട് സിനിമകള്‍ ഹിറ്റായിരുന്നു. അദ്ദേഹം ഒരു ക്ലാസിക് ഡയറക്ടറായിരുന്നു. അതുകൊണ്ട് തന്നെ മണിച്ചിത്രത്താഴിനെ കുറിച്ച് അറിഞ്ഞതും ഞാന്‍ ആകെ ത്രില്ലടിച്ചു. ഡാന്‍സറിന്റെ ഒരു സ്‌പെഷ്യല്‍ റോളുണ്ടെന്ന് പറഞ്ഞാണ് എന്നെ ഫാസില്‍ സാര്‍ വിളിക്കുന്നത്,’ ശ്രീധര്‍ പറഞ്ഞു.
Content Highlight: Actor Sridhar Talks About How He Get Role In Manichithrathazhu Movie