എ.എം.എം.എ എന്ന സിനിമാ സംഘടനയുമായി വിയോജിച്ച് നടന്‍ തിലകന്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയിരുന്നു. അന്ന് തിലകനെതിരെ ശക്തമായി സംഘടനയുടെ ഭാഗത്ത് നിന്നും സിദ്ദീഖും രംഗത്ത് വന്നിരുന്നു. മുമ്പ് തിലകനുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍.
അന്ന് താന്‍ ചെയ്തത് തെറ്റായി പോയെന്നാണ് സിദ്ദീഖ് പറഞ്ഞത്. മുതിര്‍ന്നൊരു അംഗം തന്റെ വിയോജിപ്പ് അറിയിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ താന്‍ നില്‍ക്കാന്‍പാടില്ലായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.
പിന്നീട് ഒരു പരിപാടിയില്‍ വെച്ച് തിലകനോട് അതിന്റെ പേരില്‍ ക്ഷമ പറഞ്ഞിട്ടുള്ളതിനെക്കുറിച്ചും സിദ്ദീഖ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”തിലകന്‍ ചേട്ടനുമായുള്ള വഴക്ക് മാറ്റാന്‍ ഇടപെടുകയല്ലായിരുന്നു ചെയ്തത്. അസോസിയേഷന്റെ ഭാഗത്ത് നിന്ന് തിലകന്‍ ചേട്ടനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയാണ് ചെയ്തത്. അത് പിന്നീട് തെറ്റായിപോയി എന്ന കുറ്റബോധം എനിക്ക് നല്ലപോലെയുണ്ട്.
കാരണം പലരും എന്നോട് പറഞ്ഞു. അമ്മയുടെ അംഗങ്ങളെ അധിക്ഷേപിച്ച് കൊണ്ട് അദ്ദേഹം പരസ്യപ്രസ്താവനകള്‍ നടത്തുന്നു, കൂളിങ്ങ് ഗ്ലാസ് വെക്കുന്നതല്ല അഭിനയം എന്നൊക്കെ അദ്ദേഹം പറഞ്ഞു. അത്തരം അഭിപ്രായപ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് ഞാന്‍ ചെയ്തത്.
പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ അതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റ് പലരും അച്ഛനെതിരെ പറഞ്ഞതിനേക്കാളും ചേട്ടന്‍ പറഞ്ഞത് അച്ഛനെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്. അത് എനിക്ക് വല്ലാത്തൊരു വേദനയായി. പിന്നീട് അസോസിയേഷനില്‍ നിന്നും തിലകന്‍ ചേട്ടന്‍ മാറി നിന്ന സമയത്ത് ഒരു ടെലിവിഷന്‍ പരിപാടിയുടെ ജഡ്ജസ് ഞാനും അദ്ദേഹവും നവ്യ നായരും ആയിരുന്നു.
എനിക്ക് നല്ല ഭയമുണ്ടായിരുന്നു. കാരണം എന്നോട് നല്ല ദേഷ്യത്തിലാണ് അപ്പുറത്ത് ഇരിക്കുന്നത്. ഏത് നിമിഷവും പൊട്ടിത്തെറിക്കും പരസ്യമായി ചീത്ത വിളിക്കും എന്നൊക്കെ ഞാന്‍ നവ്യയോട് പറഞ്ഞു. പക്ഷെ ഞാന്‍ പരിപാടിയില്‍ പറഞ്ഞ അഭിപ്രായത്തെ സപ്പോര്‍ട്ട് ചെയ്ത് അദ്ദേഹവും സംസാരിച്ചു. അത് വരെ എന്റെ നെഞ്ച് ഇടിക്കുകയായിരുന്നു.
പിന്നെ ബ്രേക്ക് ആയപ്പോള്‍ എന്തും വരട്ടെയെന്ന് വിചാരിച്ച് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. എന്നോട് ക്ഷമിക്കണം. ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ഞാന്‍ ചെയ്തതെന്ന് അദ്ദേഹത്തോട് പറഞ്ഞു. അന്ന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നും പറഞ്ഞു.
തിരിച്ചറിവുണ്ടായല്ലോ, ഇപ്പോഴെങ്കിലും അത് മനസിലായല്ലോ എന്ന് എന്നോട് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു അതിന് മുമ്പ് വരെ. ഞാന്‍ ആണ് അത് നശിപ്പിച്ചത്. അത്രയും മുതിര്‍ന്ന ഒരു വ്യക്തി തന്റെ അഭിപ്രായം പറഞ്ഞതിന് അസോസിയേഷന് വേണ്ടി ഞാന്‍ പൊട്ടിത്തെറിക്കേണ്ടിയിരുന്നില്ല,” സിദ്ദീഖ് പറഞ്ഞു.