മറ്റ് നിര്‍മാതാക്കള്‍ തരുന്നതിനേക്കാള്‍ പ്രതിഫലം ആന്റണി പെരുമ്പാവൂര്‍ തരാറുണ്ട്, പക്ഷേ അതിലൊന്നുമല്ല കാര്യം: സിദ്ദിഖ്
Movie Day
മറ്റ് നിര്‍മാതാക്കള്‍ തരുന്നതിനേക്കാള്‍ പ്രതിഫലം ആന്റണി പെരുമ്പാവൂര്‍ തരാറുണ്ട്, പക്ഷേ അതിലൊന്നുമല്ല കാര്യം: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2024, 12:58 pm

ഒരു നിര്‍മാതാവിനോടും കണക്ക് പറഞ്ഞ് കാശ് വാങ്ങുന്ന ആളല്ല താനെന്നും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഒരു വേഷം നഷ്ടപ്പെട്ടു പോകുക എന്നത് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും പറയുകയാണ് നടന്‍ സിദ്ദിഖ്. അര്‍ഹിക്കുന്ന പ്രതിഫലം തനിക്ക് കിട്ടാറുണ്ടെന്നാണ് ഇപ്പോഴും കരുതുന്നതെന്നും മറ്റുള്ളവര്‍ക്ക് എന്ത് കിട്ടിയെന്ന് നോക്കി മുന്നോട്ട് പോകുന്ന ആളല്ല താനെന്നും സിദ്ദിഖ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

‘ എനിക്ക് ഞാന്‍ അര്‍ഹിക്കുന്ന വില നിര്‍മാതാക്കള്‍ തരുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതിഫലത്തിന് വേണ്ടി തര്‍ക്കിക്കേണ്ടി വരാറില്ല. എനിക്ക് അവര്‍ തരുന്നത് കുറവായിട്ട് ഇതുവരെ തോന്നിയിട്ടില്ല. എനിക്ക് ഇത്രയേ വിലയുള്ളോ, മറ്റേ ആള്‍ക്ക് ഇത്രയും കൊടുക്കുന്നുണ്ടല്ലോ എന്നൊന്നും തോന്നാറില്ല.

മറ്റുള്ളവരുടെ റെമ്യൂണറേഷന്‍ എത്രയാണെന്ന് എനിക്ക് അറിയില്ല. അത് എന്റെ ഏരിയ അല്ല. എന്റെ കാര്യങ്ങള്‍ നടന്നുപോകുന്നുണ്ട്. ഹാപ്പിയായി പോകുന്നുണ്ട്. നല്ല വേഷങ്ങള്‍ കിട്ടുന്നു, അര്‍ഹിക്കുന്ന പ്രതിഫലം തരുന്നു.

അല്ലാതെ എനിക്ക് ഇത് പോരെന്നും കുറേക്കൂടി പൈസ കിട്ടണമെന്നൊന്നും തോന്നിയിട്ടില്ല. മാത്രമല്ല കുറച്ചുകൂടി കൂടുതല്‍ കിട്ടിയിട്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നും ചെയ്യാനുമില്ല,’ സിദ്ദിഖ് പറഞ്ഞു.

പ്രതിഫലം കുറക്കുന്നതിലൂടെ കൂടുതല്‍ സിനിമകള്‍ നേടിയെടുക്കുക എന്ന നീക്കമാണോ എന്ന ചോദ്യത്തിന് കൂടുതല്‍ സിനിമ വേണമെന്ന് ആഗ്രഹിക്കാറില്ലെന്നും കൂടുതല്‍ സമയം വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടമുള്ള ആളാണ് താനെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി.

‘ഞാനൊന്നും ഒരിക്കലും ജഗതി ശ്രീകുമാറൊക്കെ ചെയ്ത പോലെ ഒരു സെറ്റില്‍ നിന്ന് വേറെ സെറ്റിലേക്ക് ഓടി സിനിമകള്‍ ചെയ്തിട്ടില്ല. എന്നെ കൊണ്ട് നടക്കില്ല. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ഭംഗിയായി ചെയ്യുക. അല്ലാതെ ഒരേ സമയം നിരവധി സിനിമകള്‍ എനിക്ക് ചെയ്യാനാവില്ല. ഒരു സിനിമ കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ മീശയെടുക്കും, താടി വളര്‍ത്തും, തലമൊട്ടയടിക്കും.

അത്തരത്തില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹം. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു തര്‍ക്കം വന്ന് ഒരു റോള്‍ നഷ്ടപ്പെട്ടു എന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്.

പ്രതിഫലം തരാതെ ഒരിക്കലും എന്നെ ആരും കബളിപ്പിച്ചതായി തോന്നിയിട്ടില്ല. എനിക്ക് തരുന്ന പണം കുറഞ്ഞുപോയെന്നും തോന്നിയിട്ടില്ല. എന്നെ റെഗുലറായി കാസ്റ്റ് ചെയ്യുന്നവരാണ് ആശിര്‍വാദ് സിനിമാസ്. ആന്റണി പെരുമ്പാവൂര്‍ മറ്റ് പലരും തരുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്ക് തരുന്നുണ്ട്. അതിന്റെ കണക്ക് പോലും നോക്കാറില്ല. പണം അക്കൗണ്ടില്‍ വരും. അത് വന്നോളും. അത് എന്റെ ക്രൈറ്റീരിയയേ അല്ല. എനിക്ക് അങ്ങനെ വലിയ അത്യാവശ്യങ്ങളുമില്ല,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Actor Siddique about his remmunaration and Antony perumbavoor