താലിബാന്‍ മണ്ടന്മാരും ലോകത്തെ എല്ലാ പ്രശ്‌നങ്ങളുമുണ്ടാക്കുന്ന അമേരിക്കയും ആ പാവം അഫ്ഗാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍: സിദ്ധാര്‍ത്ഥ്
Entertainment
താലിബാന്‍ മണ്ടന്മാരും ലോകത്തെ എല്ലാ പ്രശ്‌നങ്ങളുമുണ്ടാക്കുന്ന അമേരിക്കയും ആ പാവം അഫ്ഗാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍: സിദ്ധാര്‍ത്ഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th August 2021, 1:28 pm

അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ഭീകരവാദ സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ത്ഥ്. താലിബാനും അമേരിക്കയും അഫ്ഗാനിസ്ഥാനെ വെറുതെ വിടണമെന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റിലൂടെ പറഞ്ഞത്.

‘താലിബാന്‍ മണ്ടന്മാരും ലോകം മുഴുവന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന അമേരിക്കയും ആ പാവം അഫ്ഗാനിസ്ഥാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണ്. എത്രയോ വേദനാജനകമാണ് അവിടുത്തെ കാര്യങ്ങള്‍,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തമാക്കിയതും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് രാജ്യം പിടിച്ചടക്കിയതും.

അമേരിക്കയുടെ കൂടി പിന്തുണയോടെ വളര്‍ന്നുവന്ന താലിബാന്‍ ഇപ്പോള്‍ അഫ്ഗാന്‍ ജനതയെ മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിന് കീഴിലാക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അമേരിക്കയ്ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നാണ് ഇപ്പോള്‍ വരുന്ന വിമര്‍ശനങ്ങളിലെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ ജനതയുടെ ശ്രമങ്ങളും വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഇതേ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിച്ചതില്‍ അമേരിക്കക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നപ്പോഴും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നത്. അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ വളര്‍ച്ചയും വികസനവുമല്ലായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്.

9/11 തീവ്രവാദ ആക്രമണ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ താലിബാനെ ശിക്ഷിക്കുക എന്നതായിരുന്നു തുടക്കത്തില്‍ അമേരിക്കയുടെ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ അതില്‍ നിന്നും മാറി ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ വ്യതിചലിക്കുകയായിരുന്നെന്നും ആ യുദ്ധം നിര്‍ത്തുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാലോകത്ത് നിന്നും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന അഫ്ഗാന്‍ സംവിധായിക സഹ്‌റ കരീമിയുടെ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പൃഥ്വിരാജും ടൊവിനോയും അഫ്ഗാന്‍ ജനതയ്ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്.

നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യമുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സംവിധായിക സഹ്‌റാ കരിമി കത്തില്‍ പറഞ്ഞിരുന്നത്.

ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും മുന്‍പുതന്നെ അഫ്ഗാന് പിന്തുണയുമായി എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും താലിബാനെതിരെ വിമര്‍ശനവുമായി എത്തിയത്.

‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണം,’ എന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ്.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക്  നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന ഈ പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.

താലിബാന്‍ അധികാരത്തിലെത്തുന്നതോടെ പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Siddharth against Taliban and USA, supports Afghan people