അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ഷറഫുദ്ദീനെ മലയാളികൾക്ക് സുപരിചിതമാവുന്നത്. പിന്നീട് ഒരുപാട് ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ ഷറഫുദ്ദീൻ പ്രതിനായക വേഷങ്ങളിലും കൈയടികൾ നേടി.
സംവിധായകൻ അൽഫോൺസ് പുത്രനൊത്ത് വീണ്ടും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അത് അൽഫോൺസ് തന്നെ വിചാരിക്കണം എന്നും ഷറഫുദ്ദീൻ പറയുന്നു.
ഞാൻ നിന്റെ അടുത്ത സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് അൽഫോൺസിനോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും ഷറഫുദ്ദീൻ ജാങ്കോ സ്പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
താരം പ്രധാന വേഷത്തിൽ എത്തുന്ന പുതിയ പുതിയ ചിത്രം തോൽവി എഫ്.സിയെ കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ.
‘ഞങ്ങൾ എല്ലാവരും ഇവിടെ തന്നെയുണ്ട്. പ്രേമത്തിന്റെ ടീം വീണ്ടും ഒന്നിക്കണമെങ്കിൽ അൽഫോൺസ് പുത്രൻ വിചാരിക്കണം. അൽഫോൺസത് സെറ്റ് ചെയ്താലേ കറക്റ്റ് ആയിട്ട് നടക്കുകയുള്ളൂ. അൽഫോൺസാണ് അത് പ്ലാൻ ചെയ്യേണ്ടത്. ഞങ്ങൾക്കെല്ലാവർക്കും വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങൾ അൽഫോൺസിനെ വിളിച്ചു പറയേണ്ട ആവശ്യമില്ല.
ഉദയനാണ് താരം സിനിമയിൽ പറയുന്ന പോലെ എല്ലാവരും പറയുന്നു ഞാനാണ് നിന്റെ അടുത്ത പടത്തിലെ നടനെന്ന് അൽഫോൺസിനോട് വിളിച്ച് ചോദിക്കേണ്ട കാര്യമില്ല.
നമ്മുക്കൊരു സിനിമ ചെയ്താലോ എന്ന് അൽഫോൺസിനോട് ആരും പറയാറില്ല. എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ അൽഫോൺസ് എല്ലാം സെറ്റ് ആയി കഴിഞ്ഞിട്ട് വിളിക്കും.
അൽഫോൺസ് എടാ നമുക്കൊരു പടം ചെയ്യാം എന്ന് പറഞ്ഞാൽ ഇവിടെ എല്ലാവരും ഉണ്ടാവും. വീണ്ടും ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നടക്കുമായിരിക്കും,’ ഷറഫുദ്ദീൻ പറയുന്നു.
എന്നാൽ തനിക്ക് ഓട്ടിസം സ്പെക്റട്രം ഡിസോർഡർ’ എന്ന രോഗമാണെന്നും ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലായെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ കഴിഞ്ഞദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. നിരവധി ആളുകളായിരുന്നു പോസ്റ്റിന് കമന്റ് ചെയ്തത്. എന്നാൽ പിന്നീട് അൽഫോൺസ് ഈ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
Content Highlight: Actor Sharafudheen Talk About Alphonse Puthran