Entertainment news
ദീപികാ, ഏത് വേഷവും ഗംഭീരമായി അവതരിപ്പിക്കാന്‍ സാധിക്കും വിധം നീ വളര്‍ന്നു; ജന്മദിനാശംസകള്‍: ഷാരൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 05, 07:34 am
Thursday, 5th January 2023, 1:04 pm

ബോളിവുഡ് നടിയും ആഗോള ഫാഷന്‍ ഐക്കണുമായ ദീപിക പദുക്കോണിന് വ്യാഴാഴ്ച 37 വയസ്സ് തികഞ്ഞു. ദീപികയുടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

ഒരു അഭിനേത്രിയെന്ന നിലയില്‍ ദീപിക തന്റെ 15 വര്‍ഷത്തെ കരിയറില്‍ നേടിയ വളര്‍ച്ച കാണുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ ട്വീറ്റില്‍ കുറിച്ചത്. പത്താന്‍ സിനിമയിലെ ദീപികയുടെ പോസ്റ്ററും കുറിപ്പിനൊപ്പം ഷാരൂഖ് ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

”എന്റെ പ്രിയപ്പെട്ട ദീപിക പദുക്കോണ്‍, ഓരോ കഥാപാത്രവും നീ അതിമനോഹരമാക്കുന്നു. ഏത് വേഷവും ഗംഭീരമായി അവതരിപ്പിക്കാന്‍ സാധിക്കുന്നവിധം നീ വളര്‍ന്നതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്.

നീ ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കണം. ജന്മദിനാശംസകള്‍… ഒത്തിരി സ്‌നേഹം,” എന്നാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പത്താന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജനുവരി 25-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പത്താന്‍ സിനിമയുടെ വലിയ വിദ്വേഷ പ്രചരണമാണ് ഇരുവര്‍ക്കും നേരെ ഉയരുന്നത്. സിനിമയുടെ പ്രമോഷനെതിരെ ബജ്‌റംഗ്ദള്‍ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ കര്‍ണാവതിയിലെ മാളില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ബോര്‍ഡുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡിസംബറില്‍ ചിത്രത്തിലെ ടീസറും രണ്ട് ഗാനങ്ങളായ ബേഷരം രംഗ്, ജുമേ ജോ പത്താന്‍ എന്നിവയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. അടുത്തയാഴ്ചയോടെ ട്രെയിലര്‍ പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍.

content highlight: actor shah rukh khan wishes deepika padukone