Entertainment news
അവാര്‍ഡ് പടമാണെന്ന് പറഞ്ഞാണ് കിന്നാരത്തുമ്പിയിലേക്ക് വിളിച്ചത്, ഷക്കീലയെ ഞാന്‍ കണ്ടിട്ടുപോലുമില്ല: സലീം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 24, 11:43 am
Thursday, 24th November 2022, 5:13 pm

ഷക്കീല പ്രധാനകഥാപാത്രമായ കിന്നാരത്തുമ്പികളില്‍ സലീം കുമാറും അഭിനയിച്ചിരുന്നു. ചിത്രം ഇറങ്ങിയതിന് ശേഷം തമിഴ്‌നാട്ടില്‍ തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ്ങിന് പോയപ്പോഴുണ്ടായ അനുഭവങ്ങളെക്കുരിച്ച് പറയുകയാണ് സലീം കുമാര്‍. അവാര്‍ഡ് പടത്തിലേക്കാണെന്ന് പറഞ്ഞാണ് തന്നെ അഭിനയിക്കാന്‍ വിളിച്ചതെന്നും തമിഴില്‍ ഡബ്ബ് ചെയ്ത ചിത്രം കണ്ടിട്ട് ആളുകള്‍ തന്റെ ചുറ്റും കൂടിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

കൂടെ വന്ന സുരേഷ് ഗോപിയേയും ദിലീപിനേയുമൊന്നും ആരും മൈന്‍ഡ് ചെയ്തില്ലെന്നും തന്റെ ചുറ്റിലും കൂടി നില്‍ക്കുന്ന ആളുകള്‍ ഫാന്‍സാണെന്ന് അവരോട് പറഞ്ഞുവെന്നും സലീം കുമാര്‍ സൈന പ്ലസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”കിന്നാരത്തുമ്പിയില്‍ ഞാന്‍ പെട്ട് പോയതാണ്. എന്നോട് അവാര്‍ഡ് പടമാണെന്നാണ് പറഞ്ഞത്. ഭരതന്‍ ടച്ചുള്ള ചെറിയ സെക്‌സിന്റെ അംശം ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്റെ സീനില്‍ അതൊന്നുമില്ല. ഷക്കീലയെ ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. ഈ സിനിമ ഡബ്ബിങ്ങിന് പോയപ്പോഴാണ് ആരും ഡിസ്ട്രിബ്യൂഷന്‍ എടുക്കാത്ത കാര്യം അറിഞ്ഞത്. അങ്ങനെയാണ് കുറച്ച് കൂടുതല്‍ സീനുകള്‍ കൂടെ ചേര്‍ത്തിട്ട് സെക്‌സ് പടമാക്കാന്‍ തീരുമാനിച്ചത്.

പക്ഷെ സിനിമയുടെ പോസ്റ്ററില്‍ എന്റെ പടം വെക്കരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവാര്‍ഡ് പടമാണെന്ന് പറഞ്ഞിട്ടാണ് എന്നെ വിളിച്ചതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ പടം ഇറങ്ങി കഴിഞ്ഞപ്പോള്‍ ഒരു തരംഗം ഉണ്ടായിരുന്നു ഷക്കീല തരംഗം. തെങ്കാശി പട്ടണം ഷൂട്ട് നടക്കുമ്പോള്‍ രാവിലെ ചായകുടിക്കാന്‍ വേണ്ടി ഞാന്‍ എന്നും അടുത്തുള്ള ചായക്കടയില്‍ പോകും.

ആദ്യത്തെ ദിവസം ചെന്നപ്പോള്‍ എന്നെ കുറച്ച് പേര് നോക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ വലിയ കാര്യമാക്കിയില്ല. രണ്ടാമത്തെ ദിവസം നോട്ടം മാറി ആളുകള്‍ എന്നെ നോക്കി സംസാരിക്കാന്‍ തുടങ്ങി. എന്തോക്കെയോ പിറുപിറുക്കുന്ന പോലെ സംസാരങ്ങളായി. ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് ആകെ പേടി ആയി. രണ്ട് മൂന്ന് ദിവസം ഇത് തന്നെ ആവര്‍ത്തിച്ചു.

ഒരു ദിവസം എന്റെ അടുത്ത് ഒരാള്‍ വന്ന് ചോദിച്ചു നിങ്ങള്‍ നടനാണോയെന്ന്. ആ സമയത്ത് എന്റെ ഉള്ളില്‍ ഒരു രോമാഞ്ചം തോന്നി. കാരണം തമിഴ്‌നാട്ടില്‍ നിന്ന് ഒക്കെ തിരിച്ചറിഞ്ഞ് നടനാണോയെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒന്ന് പൊങ്ങി. നിങ്ങളുടെ പടം ഞാന്‍ കണ്ടിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു.

ഏത് പടം ആണെന്ന് ഞാന്‍ അവരോട് ചോദിച്ചു. കാരണം നാട്ടില്‍ തന്നെ ശരിക്ക് കളിക്കുന്നില്ല. ‘അരങ്ങേറ്റവേള’ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് മനസിലായില്ലായിരുന്നു. അന്നാണെങ്കില്‍ തമിഴില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ലായിരുന്നു. ഞാന്‍ തമിഴ് പടത്തില്‍ അഭിനയിച്ചിട്ടില്ലെന്ന് പറഞ്ഞു. ഉണ്ട് സാര്‍ ഷക്കീല പടത്തില്‍ നിങ്ങള്‍ ബ്രോക്കറായി വന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത്. കിന്നാരത്തുമ്പി അവിടെ പേരുമാറ്റി ഇറക്കിയതാണെന്ന്.

സുരേഷ് ഗോപിയും ലാലും ദിലീപും അതിലെ പോയിട്ടും ഒരു കുഞ്ഞ് പോലും അവരെ തിരിഞ്ഞ് നോക്കുന്നില്ല. ഒരു ദിവസം നോക്കുമ്പോള്‍ എന്റെ ചുറ്റിലും ആള്‍ക്കാരാണ്. സുരേഷ് ഗോപിയോക്കെ വിചാരിച്ചത് എന്നെ തല്ലാന്‍ പിടിച്ച് വെച്ചിരിക്കുകയാണെന്നാണ്. അവര്‍ അടുത്ത് വന്നപ്പോള്‍ എന്റെ ഫാന്‍സിനെയാണ് കാണുന്നത്,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about kinnarathumbikal movie