നവോത്ഥാന നായകനായ സഹോദരന്‍ അയ്യപ്പനോടുള്ള അച്ഛന്റെ ആദരവ് കാരണമാണ് തനിക്ക് സലീം എന്ന് പേരിടാനുള്ള കാരണമെന്ന് നടന്‍ സലീം കുമാര്‍. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരുകളും മതവിശ്വാസത്തെ വെളിവാക്കുന്നതാണെന്നും അതിനെതിരെയുള്ള സമരമായിരുന്നു തന്റെ പേരെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരു ജാതി സംഘടനയിലും അംഗമല്ലെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുസ്‌ലിമാണെന്ന് കരുതി ഇക്കയെന്ന് വിളിച്ചുവെന്നും സിനിമയിലുള്ളവര്‍ക്കും ആ തെറ്റിദ്ധാരണ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ‘ എന്ന ആദര്‍ശം മുന്നോട്ടുവെച്ച നവോത്ഥാന നായകനായ സഹോദരന്‍ അയ്യപ്പനോടുള്ള അച്ഛന്റെ ആദരവു കാരണമാണ് എനിക്ക് ഈ പേരുവരാന്‍ കാരണം.
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരുകളും ഓരോ മതവിശ്വാസത്തെ വെളിവാക്കുന്നുണ്ട്. അതിനെതിരായുള്ള ഒരു സമരമായിരുന്നു, സലിം എന്ന എന്റെ പേര്. സ്‌കൂളിലെത്തിയപ്പോള്‍ കുമാര്‍ എന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
അന്ന് ചുറ്റുവട്ടത്തിലുള്ള ഹിന്ദുമതത്തില്‍പ്പെട്ട പലരും ഇതേ സ്വാധീനത്തില്‍ മുസ്‌ലിം പേരുകളും മറ്റുമൊക്കെയാണ് കുട്ടികള്‍ക്ക് ഇട്ടിരുന്നത്. ജാതിയോ മതമോ തിരിച്ചറിയരുത് എന്ന ഉദ്ദേശ്യമായിരുന്നു അതിനുപിന്നില്‍. അല്ലെങ്കില്‍ എല്ലാറ്റിനെയും പരസ്പരം കലര്‍ത്തിക്കളയുക എന്ന ചിന്ത. ഈ ചിന്ത എന്നെയും സ്വാധീനിച്ചിട്ടുണ്ട്.
ഇന്ന് ആയുധം ഇല്ലാത്ത ആളിന്റെ അഭയമാണ് ജാതി. ഞാന്‍ ഒരു ജാതി സംഘടനയിലും അംഗമല്ല എന്റെ മക്കളെയും അങ്ങനെ ചേര്‍ത്തിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പലരും എന്നെ ഇക്ക എന്നാണ് വിളിച്ചിരുന്നത്. അവരുടെയൊക്കെ ധാരണ ഞാന്‍ മുസ്ലിം ആയിരുന്നു എന്നാണ്. ഞാനത് ഒരിക്കലും തിരുത്തിയിട്ടുമില്ല. കുറേക്കാലം സിനിമക്കാരും അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു,” സലീം കുമാര്‍ പറഞ്ഞു.
content highlight: actor salim kumar about his name