കോളേജ് ബ്യൂട്ടിയുടെ കാര്യം പറഞ്ഞ് ഒരു വര്‍ഷം പൂവാലനെ പറ്റിച്ചു; പെണ്‍സുഹൃത്തുക്കളോടും ഞാന്‍ ഇത് പറയാറുണ്ടായിരുന്നു: സലീം കുമാര്‍
Entertainment news
കോളേജ് ബ്യൂട്ടിയുടെ കാര്യം പറഞ്ഞ് ഒരു വര്‍ഷം പൂവാലനെ പറ്റിച്ചു; പെണ്‍സുഹൃത്തുക്കളോടും ഞാന്‍ ഇത് പറയാറുണ്ടായിരുന്നു: സലീം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 9:40 am

കോളേജ് കാലത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സലീം കുമാര്‍. തനിക്ക് ഒരുപാട് പെണ്‍സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും അവരുടെ പേരും പറഞ്ഞ് ആണ്‍കുട്ടികളെ പറ്റിച്ചായിരുന്നു താന്‍ ഭക്ഷണം കഴിച്ചിരുന്നതെന്നും സലീം കുമാര്‍ പറഞ്ഞു.

തന്റെ പെണ്‍സുഹൃത്തിന്റെ പേരും പറഞ്ഞ് ഒരു വര്‍ഷത്തോളം ഒരാളെ പറ്റിച്ചിട്ടുണ്ടെന്നും എല്ലാം ഭക്ഷണം കഴിക്കാന്‍ വേണ്ടിയായിരുന്നുവെന്നും നടന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് സലീം കുമാര്‍ പറഞ്ഞത്.

”എന്റെ കോളേജിലെ പൂവാലന്‍മാരായിരുന്നു എനിക്ക് ദിവസവും ചായ വാങ്ങിച്ചു തന്നിരുന്നത്. കാരണം എനിക്ക് അത്രയും പെണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. കോളേജ് ബ്യൂട്ടി വരെ എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. ആ സമയത്താണ് പൂവാലന്‍മാര്‍ വന്ന് ഞങ്ങളുടെ കാര്യം കൂടി ഒന്ന് പറയെടാ എന്നും പറഞ്ഞ് പിന്നാലെ വരുക.

വെറുതെ നിന്നെക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. കാണേണ്ട പോലെ കാണ് എന്നിട്ട് നോക്കാമെന്നാണ് അവരോടൊക്കെ പറയുക. ഒരുത്തനെ ഞാന്‍ ഒരു വര്‍ഷത്തോളം പറ്റിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുണ്ട്. അവളുടെ പേര് ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

അവള്‍ കോളേജ് ബ്യൂട്ടിയായിരുന്നു. കോളേജ് കഴിഞ്ഞ് വൈകുന്നേരം വീട്ടില്‍ കൊണ്ടുചെന്ന് വിടാനായി കുറേ ആള്‍ക്കാര്‍ ഉണ്ടാകും. കാരണം അത്രയും സുന്ദരിയാണ് അവള്‍. പക്ഷെ അവള്‍ നല്ല പെണ്ണാണ്, അത്തരം പരിപാടിക്ക് ഒന്നും നില്‍ക്കില്ല.

അവളെ എന്റെ കൂട്ടുകാരന്‍ ദേവദാസിന് ഇഷ്ടമായിരുന്നു. അവനെ കാണാന്‍ വലിയ ഗ്ലാമര്‍ ഒന്നുമില്ല. എന്റെ കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു നമുക്ക് നോക്കാമെന്ന്. എനിക്ക് നല്ലൊരു ഇരയായിരുന്നു അവന്‍. പൊറോട്ടയും ഇറച്ചിയുമാണ് മെയിനായിട്ട് അവളുടെ പേരും പറഞ്ഞിട്ട് അവനെ കൊണ്ട് വാങ്ങിപ്പിക്കുക.

അവന് ഇഷ്ടമുള്ള കാര്യം അവളോട് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറയും. അവള്‍ ഒന്നും പറഞ്ഞിട്ടില്ല കുറച്ച് ടൈമെടുക്കുമെന്ന് പറഞ്ഞ് ദിവസവും അവനെ പറ്റിച്ച് പൊറോട്ടയും ചായയും വാങ്ങിപ്പിക്കും. അവളുടെ അടുത്ത് ചെന്ന് ഇടക്ക് അവനെ ചൂണ്ടിക്കാണിച്ച് വേറെ എന്തൊക്കെയോ ഞാന്‍ അവളോട് പറയുമായിരുന്നു.

അങ്ങനെ കുറേ കാലം ഞാന്‍ അവനെ പറ്റിച്ചു. എന്റെ പെണ്‍സുഹൃത്തുക്കളോട് ഇത് ഞാന്‍ പറയാറുണ്ടായിരുന്നു. അവരെ വെച്ച് ഞാന്‍ പൂവാലന്‍മാരെ പറ്റിക്കുന്ന കാര്യം. ഇല്ലെങ്കില്‍ ഞാന്‍ പട്ടിണി കിടന്ന് ചത്തുപോകുമായിരുന്നു,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about his college life experience