Entertainment news
'ആ കോമിക് കഥാപാത്രത്തിന്റെ പേരാണ് എനിക്കിടാനായി അമ്മ കരുതിയത്, അങ്ങനെയായിരുന്നേല്‍ പണി പാളിയേനേ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 10, 05:00 am
Sunday, 10th September 2023, 10:30 am

അമ്മ തനിക്ക് ടിൻ ടിൻ എന്ന പേരിടാനായിരുന്നു കരുതിയേതെന്ന് നടനും നിർമാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് പറഞ്ഞു. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കിൽ പണി പാളിയേനെയെന്നും ചെമ്പൻ എന്ന പേര് ക്യാച്ചിയായിട്ടാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു ചെമ്പൻ വിനോദ്.

‘ഈ പേര് ഭയങ്കര ക്യാച്ചി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പൻ എന്നത് എന്റെ വീട്ടുപേരാണ്. അല്ലെങ്കിലും ഈ വിനോദ് ജോസ് എന്ന് പറയുമ്പോൾ ഒരു കനമില്ല.

ഞാൻ എന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് ഇതെന്തു പേരാണെന്ന്. ഞാൻ നിനക്ക് ടിൻ ടിൻ എന്ന പേരിടാനാണ് കരുതിയതെന്ന് അമ്മ പറഞ്ഞു. അമ്മ ടിൻ ടിൻ ഫാൻ ആണോ എന്ന് എനിക്കറിയില്ല. അമ്മയ്ക്ക് അന്നത്തെ കാലത്ത് എവിടുന്നോ കിട്ടിയതാണ് ആ പേര്. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കിൽ പണി പാളിയേനെ. അങ്ങനെ ആയിരിക്കുള്ളൂ കാരണം അമ്മ അങ്ങനെ കോമിക്സ് ഒന്നും വായിക്കുന്ന ഒരാളല്ല.

വിനോദ് എന്ന പേര് ആരാ ഇട്ടതെന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അപ്പന്റെ ചേട്ടനൊക്കെ കൂടി ഇട്ടതാണെന്ന്. അമ്മയ്ക്ക് വലിയ താല്പര്യമില്ലായിരുന്നു. അമ്മയുടെ അപ്പൻ പറഞ്ഞത് ജെയിംസ് എന്ന പേരിടാനായിരുന്നു. ജെയിംസ് എനിക്കും ഇഷ്ടമുള്ള പേരായിരുന്നു.

എന്നെ ഒരു പത്തു കഴിഞ്ഞത് മുതൽ ചെമ്പൻ എന്നാണ് എല്ലാവരും വിളിക്കാറ്. വീട്ടുപേര് അങ്ങനെ ആയതുകൊണ്ട് എല്ലാവരും ചെമ്പനെന്നാണ് വിളിക്കാറ്. പിന്നെ ബെംഗളൂർ ഒക്കെ ചെന്നപ്പോൾ എല്ലാവരുടെയും വിചാരം എന്റെ പേര് ചെമ്പൻ എന്നാണെന്നാണ്. ഇവിടെയാണ് ചെമ്പൻ എന്ന് പറയുമ്പോൾ ചെമ്പൻ മുടിയുള്ള ആളാണോ തുടങ്ങിയ കോമഡികളൊക്കെ ആളുകൾ വിചാരിക്കുന്നത്. പുറത്ത് ഇതൊരു പേര് അത്രയേ ഉള്ളൂ. എനിക്കും ഒരു തിരിച്ചറിവ് വന്നത് അപ്പോഴാണ്.

എന്റെ ഒഫീഷ്യൽ നെയിം വിനോദ് ജോസ് മാത്രമാണെന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ അറിയുകയുള്ളൂ. എന്നെ വിനോദ് എന്ന് വിളിക്കുന്നത് എൻറെ അമ്മ മാത്രമാണ്. പിന്നെ എന്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ച സുനിൽകുമാറും ബിജു ജോസും എന്നെ വിനോദ് ജോസ് എന്നാണ് വിളിക്കാറുള്ളത്,’ ചെമ്പൻ പറഞ്ഞു.

Content Highlight: Actor, producer and screenwriter Chemban Vinod said that his mother wanted to name him Tin Tin