ഒരാളുടെ പെരുമാറ്റത്തില്‍ കാണുന്നത് ആത്മവിശ്വാസമാണോ അഹങ്കാരമാണോയെന്ന് മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു എന്ന് നടന്‍ പൃഥ്വിരാജ്. മറ്റുള്ളവരെ ബോധ്യപ്പെടുത്തി ജീവിക്കുന്ന പരിപാടി നേരത്തെ തന്നെ താന്‍ അവസാനിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരാള്‍ക്കുള്ളത് ആത്മവിശ്വാസമാണോ അഹങ്കാരമാണോയെന്ന് മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമേ പറയാന്‍ സാധിക്കു. ഞാന്‍ പറയുന്ന ഒരു കാര്യം അഹങ്കാരമാണെന്ന് അത് കേള്‍ക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ തോന്നുമായിരിക്കും. പക്ഷെ ചിലപ്പോള്‍ ഞാനത് പറയുന്നത് തികച്ചും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതാണ് പറഞ്ഞത് ഇതൊക്കെ കാഴ്ചപ്പാടിന്റെ വ്യത്യാസങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണെന്ന്.
ഒരിക്കലും ഒരാള്‍ ‘ഇത് ഞാന്‍ പറയുന്നത് അഹങ്കാരമായിട്ടാണെന്ന് ‘ പറയില്ലല്ലോ. അപ്പുറത്തിരിക്കുന്നയാളുടെ കാഴ്ചപ്പാടിലാണ് നമ്മള്‍ അഹങ്കാരികളാകുന്നത്. അതുപോലെ തന്നെ നമുക്ക് എല്ലാ സമയത്തും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സാധിക്കില്ലല്ലോ. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മറ്റുള്ളവര്‍ക്ക് നമ്മള്‍ ഇതാണെന്ന് തെളിയിച്ച് കൊടുക്കുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചതാണ്,’ പൃഥ്വിരാജ് പറഞ്ഞു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വരാന്‍ പോകുന്ന താരത്തിന്റെ സിനിമയാണ് അയ്യപ്പന്‍. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ 2023ലാണ് ആ സിനിമ പുറത്തിറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ . അയ്യപ്പനെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. ആ സിനിമയിലേക്ക് താന്‍ എങ്ങനെയാണ് എത്തിയതെന്നും, എന്തൊക്കെ പ്രതീക്ഷകളാണ് ആ സിനിമ നല്‍കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ശങ്കര്‍ ഒരു ഫുള്‍ ടീമുമായി തിരുവനന്തപുരത്തുണ്ട് ഇപ്പോള്‍. സിനിമയുടെ പണികളൊക്കെ അവിടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് എന്തിനേക്കാളും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ ബോധ്യമാണ് എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. ആ കഥയോട് എനിക്ക് ഭയങ്കര ആരാധന തോന്നിയിരുന്നു. ഉറുമിയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് എന്നോട് ശങ്കര്‍ അയ്യപ്പനെ കുറിച്ച് പറയുന്നത്.
അന്ന് എന്നോട് പറഞ്ഞത് സിനിമയുടെ ചെറിയ രൂപമൊന്നും ആയിരുന്നില്ല. മറിച്ച് മുഴുവന്‍ കഥയും അന്ന് തന്നെ തയ്യാറായിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ പത്ത് മുപ്പത് പേജ് വരുന്ന ആ ഡോക്യുമെന്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ നീണ്ടു പോവുകയും ശങ്കര്‍ വേറെ സിനിമകള്‍ ചെയ്യുകയും ചെയ്തു. ഒരു പക്ഷെ ഇങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനായിരിക്കാം.
വലിയ ഒരു സ്‌കെയിലിലായിരുന്നു ആ സിനിമ ഞങ്ങള്‍ അന്ന് പ്ലാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ ആ സിനിമ ഇന്ന് ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. അതിനേക്കാള്‍ കൂടുതല്‍ എനിക്ക് ചെയ്യാന്‍ ഭയങ്കര ആഗ്രഹമുള്ള സിനിമയാണത്,’ പൃഥ്വിരാജ് പറഞ്ഞു.
content highlight: actor prithviraj share his opinion