സി.ബി.ഐ സെറ്റില്‍ നമ്മള്‍ സംസാരിക്കുന്നത് മമ്മൂക്കയോടായിരിക്കും പക്ഷേ സ്‌ക്രീനില്‍ നോക്കുമ്പോള്‍ കാണുന്നത് സേതുരാമയ്യരെ ആയിരിക്കും: പ്രശാന്ത് അലക്‌സാണ്ടര്‍
Movie Day
സി.ബി.ഐ സെറ്റില്‍ നമ്മള്‍ സംസാരിക്കുന്നത് മമ്മൂക്കയോടായിരിക്കും പക്ഷേ സ്‌ക്രീനില്‍ നോക്കുമ്പോള്‍ കാണുന്നത് സേതുരാമയ്യരെ ആയിരിക്കും: പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th April 2022, 1:29 pm

എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ സീക്വലിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ: 5 ദി ബ്രെയിന്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

1988ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ഇറങ്ങി 34 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോള്‍ വലിയൊരു ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇതിനൊപ്പം തന്നെ 34 വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ സേതുരാമയ്യരുടെ അതേ ഊര്‍ജ്ജത്തില്‍ മമ്മൂട്ടിയെത്തുന്നതും ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. മൂവീമാന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ നേരം കൊണ്ട് സേതുരാമയ്യരായി മാറുന്ന മമ്മൂട്ടി മാജിക്കിനെ കുറിച്ച് പ്രശാന്ത് അലക്‌സാണ്ടര്‍ സംസാരിച്ചത്.

‘മമ്മൂക്ക ലൊക്കേഷനില്‍ വരുമ്പോള്‍ വളരെ സാധാരണ രീതിയില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് ഹായ് പറഞ്ഞ് ഇടപെടുന്ന ആളാണ്. അദ്ദേഹം മേക്കപ്പിട്ട് പുറത്തു വന്ന് നമ്മളോടൊക്കെ വര്‍ത്തമാനം പറഞ്ഞിരിക്കും. ഇതിന് ശേഷമാണ് അഭിനയിക്കാനായി ഫ്രേമിന് മുന്നില്‍ എത്തുന്നത്.

നമ്മള്‍ നോക്കുമ്പോള്‍ അദ്ദേഹം നമ്മളോട് സംസാരിക്കുന്ന പോലെ തന്നെ ഡയലോഗ് ഡെലിവറി ചെയ്യുന്നത് കാണാം. പക്ഷേ ഇത് നമ്മള്‍ മോണിറ്ററില്‍ കാണുമ്പോള്‍ നമുക്ക് സേതുരാമയ്യരയേ കാണാന്‍ പറ്റുകയുള്ളൂ. ആ മാജിക് എന്നാണ് എന്നുള്ളതാണ്.

ആ മാജിക് എന്താണെന്ന് നമുക്ക് മനസിലായിട്ടില്ല. മമ്മൂക്കയുടെ വേഷപകര്‍ച്ച ഭയങ്കരമാണ്. അദ്ദേഹം ഒരു കുറിയിട്ട്, മുടി പിറകിലേക്ക് ചീകിയാല്‍ സേതുരാമയ്യരായി. നമ്മള്‍ നേരിട്ട് കണ്ട് സംസാരിക്കുന്നത് മമ്മൂക്കയോടായിരിക്കും. പക്ഷേ നമ്മള്‍ സ്‌ക്രീനില്‍ കാണുക സേതുരാമയ്യരെ മാത്രമായിരിക്കും. അതൊരു മാജിക്കാണ്, പ്രശാന്ത് പറഞ്ഞു.

ലോകചരിത്രത്തില്‍ ഒരേയൊരു നടന് മാത്രമാണ് ഈ പറയുന്ന ഒന്നാം ഭാഗത്തിലെപ്പോലെ തന്നെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാംഭാഗത്തിലും ഒരു ഇടിവും പറ്റാത്ത രീതിയില്‍ നില്‍ക്കാന്‍ പറ്റുന്നത്. ലോകചരിത്രത്തില്‍ ഒരേ ഒരാള്‍ക്ക് മാത്രമേ അത് സാധിച്ചിട്ടുള്ളൂ. അത് മമ്മൂക്ക എന്ന നടന് മാത്രമാണ്.

സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് ഒപ്പം ആ അന്വേഷണത്തില്‍ അസിസ്റ്റന്റായി നില്‍ക്കാന്‍ പറ്റുക എന്ന് പറയുന്നത് എന്റെ വലിയ ഭാഗ്യമാണ്. നമ്മള്‍ കണ്ട് വളര്‍ന്ന കഥാപാത്രത്തിനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ നില്‍ക്കുകയാണ്. ഇതിന്റെ മൂന്നാം ഭാഗം തൊട്ട്, അതായത് സേതുരാമയ്യര്‍ സി.ബി.ഐയും നേരറിയാന്‍ സി.ബി.ഐയും ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചുനടക്കുകയാണ്.

അതില്‍ ഏതെങ്കിലും ഒരു ഭാഗത്തില്‍ ഏതെങ്കിലും ഒരു ചെറിയ വേഷം ചെയ്തിരുന്നെങ്കില്‍ പോലും ഇന്ന് ഈ ഭാഗ്യം എനിക്ക് കിട്ടില്ല. അന്നത് കിട്ടാതിരുന്നപ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടായിട്ടുണ്ടാകും. പക്ഷേ ഇന്ന് ചിന്തിക്കുമ്പോള്‍ അത് ഇതിന് വേണ്ടിയിട്ടായിരുന്നു എന്നു തോന്നുന്നു, പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

മുകേഷ്, സായികുമാര്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖ അഭിനേതാക്കളും സിനിമയിലുണ്ട്. അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5 ന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Content Highlight: Actor Prashant Alexander About Mammootty Acting Magic on CBI 5 the brain