നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച നടനാണ് പാര്‍ത്ഥിബന്‍. 70ലധികം സിനിമകളിലഭിനയിച്ച താരം പത്തോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഒരൊറ്റ കഥാപാത്രത്തെ മാത്രം വെച്ച് ചെയ്ത ഒത്ത സെരുപ്പ് സൈസ് സെവന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.
മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും എപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്ന ആളുകളാണെന്ന് പാര്‍ത്ഥിബന്‍ പറഞ്ഞു. ഭ്രമയുഗം കണ്ട് ഈ പ്രായത്തിലും മമ്മൂട്ടി ഇതുപോലുള്ള പെര്‍ഫോമന്‍സ് നടത്തി ഞെട്ടിക്കുന്നുവെന്ന് തോന്നിയെന്നും താരം പറഞ്ഞു. മോഹന്‍ലാലിനെ പലപ്പോഴും സ്‌റ്റൈലിഷായിട്ടുള്ള ആളായാണ് താന്‍ കാണുന്നതെന്നും പാര്‍ത്ഥിബന്‍ പറഞ്ഞു.
എയര്‍പോര്‍ട്ടിലേക്ക് മോഹന്‍ലാല്‍ നടന്നുവരുന്നത് വളരെ സ്‌റ്റൈലായിട്ടാണെന്നും അദ്ദേഹമത് മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും പാര്‍ത്ഥിബന്‍ പറഞ്ഞു. രജിനികാന്തിനെപ്പോലെ സ്‌റ്റൈലായാണ് മോഹന്‍ലാല്‍ നടക്കുന്നതെന്നും ഒരു മണിക്കൂര്‍ വരെ അത് നോക്കിനിന്നിട്ടുണ്ടെന്നും പാര്‍ത്ഥിബന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ടീന്‍സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മലയാളത്തിലെ സിനിമകള്‍ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഇത്ര കാലം കഴിഞ്ഞിട്ടും പിടിച്ചു നില്‍ക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഭ്രമയുഗം പോലുള്ള സിനിമകള്‍ ചെയ്ത് മമ്മൂട്ടി സാര്‍ ഈ പ്രായത്തിലും എല്ലാവരെയും ഞെട്ടിക്കുകയാണ്. എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ എന്നിവരുടെ വലിയ ആരാധകനാണ് ഞാന്‍.
മോഹന്‍ലാല്‍ സാറിനെ ഞാന്‍ പലപ്പോഴളും കണ്ടിട്ടുള്ളത് സ്‌റ്റൈലിഷായിട്ടാണ്. അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടക്കുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. രജിനികാന്തിന് ശേഷം അത്രയും സ്‌റ്റൈല്‍ ഞാന്‍ വേറെ ആരിലും കണ്ടിട്ടില്ല. മനഃപൂര്‍വമല്ല അദ്ദേഹമത് ചെയ്യുന്നതെന്ന് ഉറപ്പാണ്. ഒരു മണിക്കൂര്‍ വരെ ഞാന്‍ അദ്ദേഹത്തിന്റെ ആ നടത്തം നോക്കിനിന്നിട്ടുണ്ട്,’ പാര്‍ത്ഥിബന്‍ പറഞ്ഞു.