തുറമുഖം എന്നിറങ്ങും; മറുപടിയുമായി നിവിന്‍
Movie Day
തുറമുഖം എന്നിറങ്ങും; മറുപടിയുമായി നിവിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th July 2022, 12:11 pm

തുറമുഖം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവേ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. തുറമുഖം സിനിമ എന്നിറങ്ങുമെന്ന് തനിക്ക് അറിയില്ലെന്നും ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്നുമായിരുന്നു നിവിന്‍ പോളി പറഞ്ഞത്. മഹാവീര്യര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറമുഖം സിനിമയെ കുറിച്ച് നിവിന്‍ സംസാരിച്ചത്.

 

കൊവിഡ് കാലത്ത് നിവിന്റേതായി തിയേറ്ററിലും ഒ.ടി.ടിയിലും സിനിമകള്‍ ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

പ്രേക്ഷകരെ സംബന്ധിച്ച് സിനിമ തിയേറ്ററില്‍ വരിക അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ വന്ന് കാണാന്‍ പറ്റുക എന്നത് തന്നെയാണ്. എന്റെ കാര്യത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ചിത്രം മൂത്തോന്‍ ആണ്. പിന്നെ ഇറങ്ങാന്‍ ഇരുന്നത് തുറമുഖമായിരുന്നു. തുറമുഖം പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്‌നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ല. ബാക്കിയെല്ലാം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളാണ്. വരും മാസങ്ങളില്‍ അതൊക്കെ ഇനി ബാക്ക് ടു ബാക്ക് വരുമായിരിക്കും, നിവിന്‍ പറഞ്ഞു.

അതിനിടെ ഇറങ്ങിയ കനകം കാമിനി കലഹം വേറൊരു രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നെന്നും നിവിന്‍ അഭിമുഖത്തില്‍ പറഞ്ഞു. രതീഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട സിനിമയാണ്. അതിലെ നര്‍മപരിപാടികളും ഫിലിം മേക്കര്‍ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ വര്‍ക്കും എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

പിന്നെ ലിമിറ്റഡ് സ്‌പേസില്‍ ഷൂട്ട് ചെയ്ത സിനിമയാണ്. കൊവിഡിന്റെ പീക്കിലാണ് അത് ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റിയ കഥ അദ്ദേഹം എഴുതി. മൂന്ന് നാല് മാസമായി എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ എല്ലാവരും സിനിമ സെറ്റ് മിസ്സ് ചെയ്തു. ആദ്യത്തെ ഒരു മാസമൊക്കെ ഓക്കെയായിരുന്നു. പിന്നീട് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നത് വല്ലാതെ മിസ്സ് ചെയ്തു, നിവിന്‍ പറഞ്ഞു.

പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പുതിയ എന്തെങ്കിലും കൊടുക്കാന്‍ പറ്റുന്ന സിനിമകള്‍ എടുക്കാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും  നിവിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുമ്പോള്‍ വേറൊരു ജോണറിലാണ് ചെയ്തത്. കനകം കാമിനിയും വേറൊരു രീതിയിലാണ് ചെയ്തത്. പുതിയ പരിപാടികള്‍ ആളുകളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് ഉദ്ദേശിക്കുന്നത്, നിവിന്‍ പറഞ്ഞു.

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മഹാവീര്യര്‍. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഫാന്റസി ടൈംട്രാവല്‍ ജോണറിലെത്തുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുന്നത്.

പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Actor Nivin Pauly reveals about Thuramukham movie controversy