ഞാന്‍ ആരേയും അപമാനിച്ചിട്ടില്ല, ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല; സന്തോഷ് പണ്ഡിറ്റ് വിവാദത്തില്‍ നിര്‍മല്‍ പാലാഴി
Malayalam Cinema
ഞാന്‍ ആരേയും അപമാനിച്ചിട്ടില്ല, ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല; സന്തോഷ് പണ്ഡിറ്റ് വിവാദത്തില്‍ നിര്‍മല്‍ പാലാഴി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th September 2021, 10:24 am

കോഴിക്കോട്: ഒരു സ്വകാര്യ ചാനല്‍ അവരുടെ കോമഡി പരിപാടിയിലേക്ക് വിളിച്ചുവരുത്തി തന്നെ അപാനിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു.

അതിഥിയായി ചെന്ന പരിപാടിയില്‍വെച്ച് തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നെന്നും ഇത് പരിപാടിയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

തന്നെ മനപൂര്‍വ്വം അപമാനിക്കുന്നതിനായാണ് അങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പണ്ഡിറ്റ് ഇനിയെങ്കിലും റേറ്റിംഗിനുവേണ്ടി ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. സംഭവത്തില്‍ പരിപാടിക്കെതിരെയും പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍ക്കെതിരെയും വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

”നീ കോഴിക്കോടുകാരന്‍ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓര്‍മ്മയുണ്ടോടാ. തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നില്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു അല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ”, എന്നായിരുന്നു മെസേജ്.

എന്നാല്‍ താന്‍ ആരേയും അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല എന്നും നിര്‍മല്‍ പാലാഴി പറഞ്ഞു.

”രണ്ട് വര്‍ഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്, അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമില്‍ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാന്‍ പറ്റില്ല. മിണ്ടാതെ ഇരിക്കുവാന്‍ അല്ല അവര്‍ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാന്‍ ആ ഷോയില്‍ എന്റെ സ്‌കിറ്റില്‍ സ്റ്റാര്‍സ് ഇമ്മിറ്റെഷനില്‍ അല്ലാതെ ഞാന്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കള്‍ക്ക് അറിയാം.

പിന്നെ ഒരു ഷോ ആകുമ്പോള്‍ മരം പോലെ നില്‍ക്കുവാന്‍ ആവില്ല പറ്റുന്ന പോലെ അതില്‍ കൂടേണ്ടി വരും. അതിനാണ് അവര്‍ ക്യാഷ് തരുന്നത്. ആരെയും മനപൂര്‍വം കളിയാക്കിയിട്ടോ അപമാനിച്ചിട്ടോ ഇല്ല. അങ്ങനെ ഒരു ശീലവും ഇല്ല.

കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല, ഏത് ഒരു സാധാരണക്കാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നില്‍ക്കുന്ന കുടുംബത്തിനെ നോക്കണം.

ഞാന്‍ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകള്‍ ഒരുപാട് ആയി വരുന്നു. 20വര്‍ഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെയും ഇതില്‍ അപ്പുറവും കേള്‍ക്കുന്നത്.

എന്റെ ജീവിത വരുമാനം ആണ്. അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാന്‍ ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.

‘പിന്നെ പ്രബീഷിനോട് മാത്രം, കോഴിക്കോട്കാരന്‍ തന്നെയാണ്. നീ അതല്ല എന്നും അറിയാം. എവിടെ പോയാലും തിരിച്ചു വരാന്‍ ഉള്ള സ്ഥലവും. കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ, ഞാന്‍ എവിടെയാ വരേണ്ടത് നിന്റെ വീട്ടില്‍ വരണോ…? വരാം തലയില്‍ കയറി അങ്ങോട്ട് നിരങ്ങല്ലേ…’

സ്‌കിറ്റിനും ഇമിറ്റേഷനും സപ്പോര്‍ട്ട് ചെയ്ത എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരായിരം നന്ദി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Nirmal Palazhi Responds on Santhosh Pandit Issue