നിനക്ക് ഓഡീഷനൊന്നും ഇല്ല, വിട്ടോളാന്‍ പറഞ്ഞു, അല്ല ചേട്ടാ ഞാന്‍ ചെയ്യാമെന്നായിരുന്നു നസ്‌ലിന്റെ മറുപടി: തണ്ണീര്‍മത്തനിലെ ഓഡീഷനെ കുറിച്ച് വിനീത്
Movie Day
നിനക്ക് ഓഡീഷനൊന്നും ഇല്ല, വിട്ടോളാന്‍ പറഞ്ഞു, അല്ല ചേട്ടാ ഞാന്‍ ചെയ്യാമെന്നായിരുന്നു നസ്‌ലിന്റെ മറുപടി: തണ്ണീര്‍മത്തനിലെ ഓഡീഷനെ കുറിച്ച് വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th March 2022, 12:46 pm

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കാസ്റ്റിങ് ഡയറക്ടര്‍ എന്ന് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലും സജീവമാണ് വിനീത് വാസുദേവന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, അഞ്ചാം പാതിര എന്നിങ്ങനെ സൂപ്പര്‍ ശരണ്യയില്‍ എത്തിനില്‍ക്കുകയാണ് വിനീതിന്റെ അഭിനയജീവിതം.

ഇതിനൊപ്പം അള്ള് രാമേന്ദ്രന്‍ എന്ന സിനിമയുടെ സഹതിരക്കഥാകൃത്ത് കൂടിയാണ് വിനീത്. ഇതിനൊപ്പം നിരവധി ചിത്രങ്ങളുടെ കാസ്റ്റിങ് ടീമിനൊപ്പവും വിനീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ നടന്‍ നസ്‌ലിനെ ഓഡീഷന്‍ ചെയ്തപ്പോഴുണ്ടായ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് വിനീത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഓഡീഷന്‍ ചെയ്ത ചിത്രങ്ങളെ കുറിച്ചും നസ്‌ലിനൊപ്പമുള്ള അഭിനയത്തെ കുറിച്ചുമെല്ലാം വിനീത് പറയുന്നത്.

‘തണ്ണീര്‍മത്തന്റെ ഓഡീഷന് ഇരുന്നതില്‍ ഒരാള്‍ ഞാനായിരുന്നു. അതില്‍ നസ്‌ലിനെ ഓഡീഷന്‍ ചെയ്തത് ഞാനായിരുന്നു. അവന്‍ ആദ്യം കയറി വരുന്നത് ഞങ്ങളുടെ റൂമിലേക്കായിരുന്നു. ബാക്കിയെല്ലാവരെ കൊണ്ടും ഞങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചിരുന്നു. പക്ഷേ നസ്‌ലിനെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല. കാരണം അവനെ കണ്ടപ്പോള്‍ തന്നെ നമുക്ക് മനസിലായി ഇവന്‍ ഓക്കെ ആണെന്ന്.

ആ സമയത്ത് പടത്തില്‍ നായകനെ ഫിക്‌സ് ചെയ്തിരുന്നില്ല. മാത്യുവിനെ കണ്‍ഫോം ആക്കിയിട്ടുണ്ടായിരുന്നില്ല. നായകനേയും അന്വേഷിച്ചു നില്‍ക്കുന്ന സമയായിരുന്നു. അപ്പോള്‍ ഞാന്‍ ഗിരീഷിന്റെ അടുത്ത് ഇവനൊക്കെ നമുക്ക് നായകാക്കാന്‍ പറ്റുന്ന ആളാണെന്നും ഇവരുടെ അടുത്തൊക്കെ ചില സംഭവങ്ങള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു.

ഓഡീഷന് വേണ്ടി വന്നപ്പോള്‍ തന്നെ നസ്‌ലിനെ നോട്ട് ചെയ്തു. ഇവന്റെ സംഭാഷണമൊക്കെ ഒരു പ്രത്യേക സ്റ്റെലിലാണ്.” ഞാന്‍ കൊടുങ്ങല്ലൂരില്‍ നിന്ന് വരുന്നു” എന്നൊക്കെ പറഞ്ഞ് ഒരു പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. നീ ഒന്നും ചെയ്യണ്ട, നീ പോയ്‌ക്കോ എന്ന് പറഞ്ഞു.

അല്ല ചേട്ടാ ഞാന്‍ ചെയ്യാം എന്നായി അവന്‍. അല്ലെടാ നീ സെലക്ടായി നീ പോയ്‌ക്കോ എന്ന് പറഞ്ഞു, അല്ല ഞാന്‍ ചെയ്യാം ചേട്ടാ എന്ന് അവന്‍ പിന്നേയും പറഞ്ഞു. ആ സമയത്ത് അവന് സംഭവം എന്താണെന്ന് മനസിലായില്ല. പിന്നെ അവനെ മാറ്റി നിര്‍ത്തി ഡയലോഗ് ചെയ്യിപ്പിച്ചു.

നസ്‌ലിന്‍ ഭയങ്കര ജനുവിനാണ്. സിനിമയില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത മുഖമാണ് അവന്റേത്. പുതിയ കുറേ കാര്യങ്ങള്‍ അവന്റെ മുഖത്തുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ മെച്ച്വേര്‍ഡായി കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. തണ്ണീര്‍മത്തനില്‍ ഞാനും അവനും തമ്മിലുള്ള രംഗങ്ങള്‍ നല്ല രസമായിരുന്നു, വിനീത് പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ് ചെയ്തത് തന്റെ സുഹൃത്തുക്കളാണെന്നും അവരെ കാസ്റ്റിങ്ങില്‍ ഹെല്‍പ് ചെയ്യാനും ഓഡിഷന്‍ ചെയ്യിക്കാനുമായി താനും ഉണ്ടായിരുന്നെന്നും വിനീത് പറഞ്ഞു.

Content highlight: Actor Naslen First Audition Experiance Share Vineeth