തന്റെ പേരിനെച്ചൊല്ലി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ ബുള്ളീയിങ് ചെയ്തിട്ടുണ്ടെന്ന് നടന്‍ നാനി. നാനി എന്നാണ് കൊച്ചു കുട്ടികളെ തെലുങ്കില്‍ വിളിക്കുകയെന്നും അതുകൊണ്ട് തന്നെ കുട്ടികള്‍ ആ പേരും പറഞ്ഞ് തന്നെ പരിഹസിക്കുമ്പോള്‍ കരഞ്ഞ് വീട്ടിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും തന്നെ നാനി എന്നാണ് വിളിച്ചതെന്നും നവീന്‍ എന്നാണ് രജിസ്റ്ററിലെ തന്റെ പേരെന്നും നാനി പറഞ്ഞു. സി.എന്‍.എന്‍ ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ പേരിന്റെ അര്‍ത്ഥത്തെ ചൊല്ലി സ്‌കൂളില്‍ എന്നെ കുട്ടികള്‍ ബുള്ളീയിങ് ചെയ്യാറുണ്ടായിരുന്നു. ഈ പേര് കാരണം കുട്ടികള്‍ പരിഹസിക്കുമായിരുന്നു. നാനി എന്ന് പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളും കുട്ടികളെ വിളിക്കുന്ന ചെല്ലപേരാണ്.
തെലുങ്കില്‍ കുട്ടികളെ അങ്ങനെയാണ് വിളിക്കുക. കുഞ്ഞേ, ചോട്ടു എന്നൊക്കെ വിളിക്കില്ലേ, അതുപോലെയാണ് നാനി എന്ന പേര്. കുട്ടികള്‍ ബുള്ളീയിങ് ചെയ്യുമ്പോള്‍ ഞാന്‍ സഹിക്കാന്‍ പറ്റാതെ വീട്ടില്‍ ചെന്ന് ഭയങ്കര കരച്ചിലായിരുന്നു.
ഞാന്‍ പഠിച്ച സ്‌കൂളില്‍ എന്റെ പേര് കോമഡിയായി. ഞാന്‍ ഇനി സ്‌കൂളില്‍ പോകില്ലെന്ന് വരെ ഞാന്‍ കരഞ്ഞു പറയുമായിരുന്നു. അതുകൊണ്ട് എന്റെ പേരിന്റെ അര്‍ത്ഥം ഞാന്‍ ഒരിക്കലും മറക്കില്ല.
എല്ലാവരും എന്നെ നാനി എന്നാണ് വിളിക്കുന്നത്. രജിസ്റ്ററിലൊക്കെയുള്ള എന്റെ പേര് നവീന്‍ എന്നാണ്. പേര് എന്നത് നമ്മളെ തിരിച്ചറിയാനുള്ള ഒരു കാര്യമാണ്. എല്ലാവരും വിളിക്കുന്നത് നാനിയെന്നാണ് അതുകൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നപ്പോഴും ആ പേര് പറഞ്ഞത്.
സ്‌നേഹത്തോടെ എത്ര പേരാണ് അങ്ങനെ വിളിക്കുന്നത്. തെലുങ്ക് ഓഡിയന്‍സിന് ഞാന്‍ അവരുടെ സ്വന്തമാണ് എന്ന ഫീലായിരിക്കും. എനിക്ക് സിനിമയില്‍ വേറെ പേരും അല്ലാതെ വേറെ പേര് എന്നതിനോട് താത്പര്യമില്ല,” നാനി പറഞ്ഞു.