ഒരു കൊലക്കേസ് പ്രതിയെ ഒന്ന് ഒളിപ്പിക്കണം; മോഹന്‍ലാലും ശ്രീനിവാസവും ചേര്‍ന്ന് സത്യന്‍ അന്തിക്കാടിന് കൊടുത്ത 'പണി' പങ്കുവെച്ച് മുകേഷ്
Movie Day
ഒരു കൊലക്കേസ് പ്രതിയെ ഒന്ന് ഒളിപ്പിക്കണം; മോഹന്‍ലാലും ശ്രീനിവാസവും ചേര്‍ന്ന് സത്യന്‍ അന്തിക്കാടിന് കൊടുത്ത 'പണി' പങ്കുവെച്ച് മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd April 2022, 10:45 am

കുടുംബസിനിമകളുടെ സംവിധായകനായാണ് സത്യന്‍ അന്തിക്കാട് അറിയപ്പെടുന്നത്. നര്‍മവും ഹാസ്യവും ചേര്‍ന്നുള്ള ഒട്ടനവധി ചിത്രങ്ങള്‍ പില്‍ക്കാലത്ത് അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഒരു കാലത്ത് സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസന്‍ ജയറാം തുടങ്ങിയ താരങ്ങള്‍.

സത്യന്‍ അന്തിക്കാടിനൊപ്പം ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടന്‍ മുകേഷ്.

വിനോദയാത്ര, ജോമോന്റെ സുവിശേഷങ്ങള്‍, ഇന്നത്തെ ചിന്താവിഷയം തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളിലേ സത്യനുമായി സഹകരിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധം തനിക്കുണ്ടെന്നും താന്‍ പറയുന്ന പല കഥകളും ആസ്വദിക്കുന്ന വ്യക്തിയാണ് സത്യന്‍ അന്തിക്കാടെന്നും മുകേഷ് പറയുന്നു.

മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡിലായിരുന്നു സത്യന്‍ അന്തിക്കാടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മുകേഷ് പങ്കുവെച്ചത്. അക്കൂട്ടത്തില്‍ സത്യന്‍ അന്തിക്കാടിനെ നടന്‍ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് പറ്റിച്ച ഒരു സംഭവവും മുകേഷ് പങ്കുവെക്കുന്നുണ്ട്.

‘ ഈ സംഭവത്തിലെ ഹീറോ മോഹന്‍ലാലാണ്. ഒരിക്കല്‍ മോഹന്‍ലാലും ശ്രീനിവാസനും കൂടി സത്യന്‍ അന്തിക്കാടിന്റെ വീട്ടിലേക്ക് പോകുകയാണ്. തൃശൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന വഴി സത്യന്റെ വീട്ടിലൊന്ന് കയറിയിട്ട് പോകാമെന്ന് ഇരുവരും തീരുമാനിച്ചതാണ്. അങ്ങനെ നേരെ അന്തിക്കാടേക്ക് തിരിച്ചു.

വണ്ടി വീടിന് അടുത്തെത്തുന്നതിന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞു, എന്തായാലും നമ്മള്‍ വരുകയാണ്. ഇപ്പോള്‍ നമ്മള്‍ വരേണ്ട ഒരു കാര്യവുമില്ല താനും. അപ്പോള്‍ നമ്മള്‍ പോയി കഴിഞ്ഞാല്‍ പുള്ളി ആലോചിക്കില്ലേ ഇവര്‍ എന്തിന് വന്നുവെന്ന്. അതുകൊണ്ട് വന്നതിന് നമുക്ക് ഒരു കാരണം ഒപ്പിക്കാം.

ആയിക്കോട്ടെ, പക്ഷേ എന്താണ് പറയുകയെന്ന് ശ്രീനി ചോദിച്ചു. അക്കാലത്ത് ഒരു നിര്‍മാതാവ്, അദ്ദേഹം ഒരു കൊലപാതക്കേസില്‍ പെട്ടിരിക്കുന്ന സമയമാണ്. പക്ഷേ അദ്ദേഹം നിരപരാധിയാണെന്ന ഒരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം ഒളിവില്‍ പോയിരിക്കുന്ന സമയമാണ്.
അന്ന് പത്രത്തിലൊക്കെ ആ വാര്‍ത്ത വന്നിട്ടുണ്ട്.

നമുക്കൊരു കാര്യം ചെയ്യാം അദ്ദേഹം കാറിലുണ്ടെന്നും കുറച്ചുദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിവില്‍ ഇരുത്തണമെന്നും ചുമ്മാ പറയാമെന്നായി മോഹന്‍ലാല്‍. എന്താണ് ഉണ്ടാവുകയെന്ന് നമുക്ക് നോക്കാമല്ലോയെന്നും ലാല്‍ പറഞ്ഞു.

അങ്ങനെ ഇരുവരും കാറില്‍ നിന്ന് ഇറങ്ങി സത്യന്റെ വീട്ടിലേക്ക് കയറി. സത്യന്‍ സന്തോഷത്തോടെ ഇരുവരേയും സ്വീകരിച്ച് അകത്തിരുത്തി. ഇതിനിടെ ശ്രീനി ഒരു സീരിയസ് കാര്യമുണ്ട്, നമുക്ക് അവിടേക്കൊന്ന് മാറിയിരിക്കാമെന്ന് പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ വാതില്‍ കുറ്റിയിടാന്‍ പറഞ്ഞു. ഞങ്ങള്‍ ചെറിയൊരു ഹെല്‍പ്പിന് വേണ്ടി വന്നിരിക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ എന്ത് ഹെല്‍പ് ചെയ്യാനാ എന്നായി സത്യന്‍.

നമ്മുടെ മറ്റേ നിര്‍മാതാവിന്റെ ഒരു കേസുണ്ടല്ലോ, ആ അതെ ഞാനും കേട്ടു. അദ്ദേഹം ഒരു പാവമായിരുന്നു. ചുമ്മാ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതായിരിക്കുമെന്നായി സത്യന്‍. അയാള്‍ ഒളിവിലൊന്നും ഇരിക്കാതെ മുന്നോട്ട് വരികയാണ് വേണ്ടത്. വക്കീല് പറഞ്ഞിട്ടാണ് ഇരിക്കുന്നതെങ്കിലും മുന്നോട്ട് വന്ന് ആ കേസങ്ങ് തീര്‍ക്കണ്ടേ എന്നൊക്കെ സത്യന്‍ പറഞ്ഞു.

അല്ല ഒരു പ്രശ്‌നമുണ്ട്, ഇവിടെ തട്ടുംപുറമൊക്കെ ഉണ്ടല്ലോ എന്നായി ലാല്‍, ഒരു രണ്ട് ദിവസം അദ്ദേഹത്തെ ഒന്ന് ഇവിടെ ഇരുത്തിക്കഴിഞ്ഞാല്‍ മൂന്നാമത്തെ ദിവസം അദ്ദേഹത്തെ ഞങ്ങള്‍ ഹാജരാക്കാം. നമ്മുടെ അടുത്ത് വന്ന് പെട്ടുപോയി. പാവം കാറിലിരുന്ന് കരയുകയാണ്. ഞങ്ങള്‍ നോക്കുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു സംശയവും ഇല്ലാത്ത ഒരു സ്ഥലം ഇവിടെയാണെന്ന് ലാല്‍ പറഞ്ഞു.

ഇത് കേട്ടതോടെ സത്യന്റെ മുഖം ആകെ മാറിയത്രേ. അല്ല അദ്ദേഹത്തെ നിങ്ങള്‍ കോഴിക്കോടേക്ക് കൊണ്ടുപോകുന്നതല്ലേ നല്ലതെന്ന് മോഹന്‍ലാലിന്റെ കൈ പിടിച്ച് സത്യന്‍ ചോദിച്ചു. അയ്യോ കാറില്‍ കൊണ്ടുപോകാന്‍ പറ്റില്ല. രണ്ട് ദിവസമല്ലേ, ശ്രീനി നീ അദ്ദേഹത്തെ വിളിക്ക് എന്ന് ലാല്‍ പറഞ്ഞു.

വിളിക്കാന്‍ വരട്ടെയെന്നായി സത്യന്‍. ഇവിടെ എപ്പോഴും ആളുവരുന്ന സ്ഥലമാണ് മാത്രമല്ല ഇവിടെ നാളെ ഒരുപരിപാടി നടക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കി. അങ്ങനെ പറയരുത് ഞാന്‍ വിളിക്കട്ടെയെന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചപ്പോള്‍ സത്യന്‍ ശ്രീനിയുടേയും ലാലിന്റേയും അടുത്തേക്ക് വന്ന് ഇരുവരുടേയും കൈ പിടിച്ചു.

‘ നിങ്ങള്‍ ഇനി എന്ത് വിചാരിച്ചാലും ശരി അതിനുള്ള ത്രാണി എനിക്കില്ല. പൊലീസ് അന്വേഷിക്കുന്ന ഒരു പ്രതി എന്റെ വീട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്കത് മരണതുല്യമാണ്. ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ കൂടെ വരാം. പക്ഷേ ഇവിടെ ഈ കാര്യം പറ്റില്ല. പ്ലീസ് എന്നെയൊന്ന് സഹായിക്കണം, സത്യന്‍ പറഞ്ഞു നിര്‍ത്തി.

ഒരു മിനുട്ട്, രണ്ട് മിനുട്ട് വല്ലാത്ത നിശബ്ദത..പെട്ടെന്ന് മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് പൊട്ടിച്ചിരിച്ചു. നോര്‍മലാകാന്‍ കുറച്ചൊരു സമയമെടുത്ത ശേഷം സത്യനും ചിരിച്ചു.

നിങ്ങള്‍ എന്തെങ്കിലുമൊരു കൊനഷ്ട് ഒപ്പിക്കുകയായിരിക്കുമെന്ന എനിക്ക് തോന്നിയിരുന്നു. എന്നാലും അങ്ങനെയല്ലെങ്കിലോ എന്നുള്ള ചെറിയ അങ്കലാപ്പ് എനിക്കുണ്ടായിരുന്നു എന്നായിരുന്നു സത്യന്റെ മറുപടി, മുകേഷ് പറഞ്ഞുനിര്‍ത്തി.

സത്യന്‍ സിനിമകളില്‍ എന്തുകൊണ്ടാണ് അഭിനയിക്കാത്തതെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും ചിലപ്പോള്‍ തനിക്ക് പറ്റുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ഇല്ലാത്തതുകൊണ്ടായിരിക്കാമെന്നും മുകേഷ് പറഞ്ഞു. സത്യന്റെ സംവിധാനത്തില്‍ താന്‍ അഭിനയിച്ച വിനോദയാത്രയിലെയും ജോമോന്റെ സുവിശേഷത്തിലേയും കഥാപാത്രങ്ങള്‍ തന്റെ കരിയറിലെ മികച്ച വേഷങ്ങളാണെന്നും മുകേഷ് പറഞ്ഞു.

Content Highlight: Actor Mukesh Share a Funny Experiance about sathyan anthikkad and mohanlal and sreenivasan