ക്യാപ്റ്റനു ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന വെള്ളം എന്ന ചിത്രത്തിന് ആശംസകളുമായി നടൻ മോഹൻലാലും. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം പ്രദർശനത്തിനായി തിയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ സിനിമ കാണണമെന്നും സിനിമാമേഖലയെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് മോഹൻലാൽ പറഞ്ഞത്.
മോഹൻലാലിന്റെ വാക്കുകൾ
സമസ്കാരം, ഏതാണ്ട് ഒരു വർഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തിയറ്ററുകൾ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22 ന് റിലീസ് ചെയ്യുകയാണ്, വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കിൽ തിയറ്ററുകൾ തുറക്കണം. പ്രേക്ഷകർ സിനിമ കാണണം. ഇതൊരു വലിയ ഇൻഡസ്ട്രിയാണ്.
എത്രയോ പേർ ജോലി ചെയ്യുന്ന വലിയ ഇൻഡസ്ട്രി. പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾ സിനിമ ഉണ്ടാക്കുന്നത്. ഒരുപാട് സിനിമകൾ ഇനി വരാനുണ്ട്. പ്രേക്ഷകരായ നിങ്ങൾ തിയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം. തീർച്ചയായും സിനിമ ഇൻഡസ്ട്രിയെ രക്ഷിക്കണം. ഒരുപാട് വർഷമായി ഇതിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിലുള്ള എൻ്റെ അപേക്ഷയാണ്.
വെള്ളത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മുരളി നമ്പ്യാർ എന്നാണ്. കഴിഞ്ഞ വർഷം വിഷു റിലീസായി തിയേറ്ററുകൾ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു വെള്ളം. കൊവിഡ് കാരണമാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.
സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, സന്താേഷ് കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.