Film News
നിധി കാക്കുന്ന ഭൂതം; താടി നീട്ടി ബറോസ് ലുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് ലാലേട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 13, 06:54 am
Sunday, 13th March 2022, 12:24 pm

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്‍ വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താനായാണ് താരം വെള്ളിത്തിരയിലെത്തുന്നത്.

ലാലേട്ടന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ആരാധകര്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും ആഘോഷമാക്കാറുണ്ട്. മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.

ബറോസിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ബറോസ് ലൊക്കേഷന്‍ ക്ലിക്’ എന്നുമാത്രമെഴുതി ചിത്രമെടുത്ത അനീഷ് ഉപാസനയ്ക്ക് ക്രെഡിറ്റും നല്‍കിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തുന്നത്. ‘നിധി കാക്കുന്ന ഭൂതം ബറോസ്… സംവിധാനം പത്മശ്രീ കേണല്‍ മോഹന്‍ലാല്‍’ ‘ലവ് ഫ്രം ബംഗ്ലാദേശ്’ ‘താടിയില്ലാത്ത ആ പഴയ ലാലേട്ടനെ ഇനിയേതെങ്കിലും സിനിമയില്‍ കാണാന്‍ പറ്റുമോ’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് പിന്നാലെ എത്തുന്നത്.

അതേസമയം, വാനോളം പ്രതീക്ഷകളൊരുക്കിയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. മഹാനടന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നതുതന്നെയാണ് അവരുടെ പ്രതീക്ഷകള്‍ക്ക് കാരണവും.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്.

വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

content highlight: Actor Mohanlal shares new photo from Barroz Location