Movie Day
തൊണ്ണൂറ് വയസ്സുവരെയൊക്കെ ഈ ജീവിതം വേണമായിരുന്നോ എന്ന് ചില നേരങ്ങളില്‍ തോന്നിയിട്ടുണ്ട്: മധു
നവതിയിലേക്ക് കടക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മധു. എന്നാല്‍ തൊണ്ണൂറ് വയസ്സുവരെയൊക്കെ ജീവിക്കണമായിരുന്നോ എന്ന് തനിക്ക് ചിലനേരങ്ങളില്‍ തോന്നിയിട്ടുണ്ടെന്നും സ്വന്തം കാര്യങ്ങള്‍ പരാശ്രയമില്ലാതെ ചെയ്യാനുള്ള ആരോഗ്യമുണ്ടെങ്കില്‍ നൂറ്റിയിരുപത് വയസ്സുവരെ വേണമെങ്കിലും ജീവിക്കാമെന്നും മധു പറഞ്ഞു. ദേശാഭിമാനി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശാരീരികമായ അവശതകളിലൂടെ കടന്നുപോകുന്നില്ലെങ്കിലും വീഴരുത് എന്നൊരാഗ്രഹമുണ്ട്. അങ്ങനെ ഒരവസ്ഥവരെ ജീവിക്കേണ്ട ഗതികേട് ഉണ്ടാവരുതെന്നാണ് പ്രാര്‍ത്ഥന. തൊണ്ണൂറ് വയസ്സുവരെയൊക്കെ ഈ ജീവിതം വേണമായിരുന്നോ എന്ന് ചിലനേരങ്ങളില്‍ എനിക്ക് തോന്നിയിട്ടുണ്ട്. സ്വന്തം കാര്യങ്ങള്‍ മറ്റൊരാളുടെ സഹായം കൂടാതെ ചെയ്യാനുള്ള ആരോഗ്യമുണ്ടെങ്കില്‍ തൊണ്ണൂറല്ല നൂറ്റിയിരുപത് വയസ്സുവരെ വേണമെങ്കിലും ജീവിക്കാം. പക്ഷെ, എഴുപത് കഴിഞ്ഞാല്‍ തന്നെ ശരീരത്തിന്റെ ശക്തിയും ബലവും കുറഞ്ഞു തുടങ്ങും.
തൊണ്ണൂറാകുമ്പോള്‍ മനുഷ്യന്റെ ചിന്തകള്‍ക്കൊപ്പം മരണം കൂടി കടന്നുവരും. കഷ്ടപ്പെടുത്താതെ വേഗം വിളിക്കണേ എന്നായിരിക്കും അപ്പോള്‍ പ്രാര്‍ത്ഥിക്കുക. വീണുപോകുമോ എന്ന ഭയം എന്റെ ഉള്ളിലെവിടെയോ ഉണ്ട് എന്നതാണ് സത്യം,’ മധു പറഞ്ഞു.
ഓരോ കാലത്തെയും ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാനും, പുതിയ സിനിമാരീതികളെ മനസ്സിലാക്കാനും കഴിഞ്ഞത് ഇത്രയും കാലം ജീവിച്ചതുകൊണ്ടുള്ള നേട്ടമാണെന്നും സിനിമയിലെ തന്റെ സമകാലികര്‍ക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ലെന്നും മധു പറഞ്ഞു.
‘സത്യനെയോ നസീറിനെയോ പോലെ ഒരുപക്ഷെ ഞാന്‍ നേരത്തെ പോയിരുന്നെങ്കില്‍ മൂന്നാം തലമുറയെയോ നാലാം തലമുറയെയോ ഈ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളോ ഒന്നും എനിക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല,’ മധു പറഞ്ഞു.
ഒ.ടി.ടിയിലും യൂട്യൂബിലുമൊക്കെയായി ഏത് സിനിമ വേണമെങ്കിലും ഇന്ന് കാണാന്‍ കഴിയുമെന്നതിനാല്‍ മരിച്ചുപോയ സഹപ്രവര്‍ത്തകരെ സിനിമയിലൂടെ ജീവനോടെ വീണ്ടും കാണാന്‍ സാധിക്കുന്നത് സന്തോഷം തരുന്ന കാര്യമാണെന്നും മധു പറഞ്ഞു.
‘പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ വേദന തന്നെയാണ്. എന്നാല്‍ ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല. സമയമാവുമ്പോള്‍ എന്നെയും വിളിക്കും. അപ്പോള്‍ പോവാതെ പറ്റില്ലല്ലോ.
ഒപ്പമഭിനയിച്ചവരുടെ കാര്യത്തില്‍ ആശ്വാസമുണ്ട്. സിനിമയിലൂടെ അവരെ വീണ്ടും കാണാന്‍ കഴിയുന്നുണ്ട് എന്നതാണ്. എന്റെ ഇപ്പോഴത്തെ രാത്രികളില്‍ പഴയ സിനിമകള്‍ ധാരാളം കാണാറുണ്ട്.
സിനിമയിലാണെങ്കിലും ആ നേരം മരിച്ചുപോയ സഹപ്രവര്‍ത്തകരെ ജീവനോടെ കാണാന്‍ കഴിയുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. അന്നേരം അവരോടൊപ്പം പ്രവര്‍ത്തിച്ച കാലത്തിന്റെ ഓര്‍മ്മകള്‍ വന്ന് പൊതിയും. അത് മാത്രമായിരിക്കും മനസ്സില്‍, അല്ലാതെ അവര്‍ പോയതിന്റെ ദുഃഖം ഉണ്ടാവാറില്ല,’ മധു പറഞ്ഞു.
Content Highlight: Actor Madhu about his cinema life and his age