കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ലാല്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ കമ്മിറ്റ് ചെയ്തതാണെന്നും ഇനി ഇത്തരം പരസ്യങ്ങളില്‍ തല വെക്കില്ലെന്നും ലാല്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞു. റമ്മി കളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യകളുണ്ടായതിന്റെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് ലാല്‍ ഖേദം പ്രകടിപ്പിച്ചത്.
‘ഒരു പ്രൊഡക്ടിന് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവണ്‍മെന്റ് അനുമതിയോടെയാണ് അവര്‍ എന്നെ സമീപിച്ചതും. നിരവധി അഭിനേതാക്കള്‍ ഇത്തരം പരസ്യങ്ങള്‍ ഇവിടെ മുന്‍പും ചെയ്തിട്ടുണ്ട്.
കൊവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുമാണ് ആ പരസ്യം കമ്മിറ്റ് ചെയ്തത്. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായെങ്കില്‍ അതില്‍ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പു പറച്ചില്‍ ആയി കണക്കാക്കരുത്. ഇനി ഇത്തരം പരസ്യങ്ങളില്‍ തലവെക്കില്ല. റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ട്,’ ലാല്‍ പറഞ്ഞു.
അതേസമയം, ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ എം.എല്‍.എ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
റിമി ടോമി, വിജയ് യേശുദാസ് എന്നിവരാണ് ഇത്തരം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാരെന്നും ഇത്തരം ജനദ്രോഹ പരസ്യങ്ങളില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസനോടായിരുന്നു ഗണേഷ് കുമാറിന്റെ അഭ്യര്‍ത്ഥന.
ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന കലാകാരന്‍മാരുടെ മനസിലാണ് സംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും എല്ലാവര്‍ക്കും ചേര്‍ന്ന് അഭ്യര്‍ത്ഥന നടത്താമെന്നും മന്ത്രി വാസവന്‍ പ്രതികരിച്ചു.
ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ലാല്‍, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ക്കെതിരെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാടസ്ആപ്പ് എന്നിവയിലൂടെ പ്രതിഷേധമുയരുന്നത്.
ഓണ്‍ലൈന്‍ റമ്മികളിയുടെ പ്രചാരകരാവുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇവര്‍ക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിനുകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
Content Highlight: Actor Lal expresses regret for acting in online rummy game ad