ആദ്യകേള്‍വിയില്‍ തന്നെ ഇഷ്ടപ്പെട്ട് സഹകരിക്കാമെന്നുറപ്പിച്ച സിനിമകളെ കുറിച്ചും ഒരുപാട് ദിവസം ആലോചിച്ച് യെസ് പറഞ്ഞ വേഷങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവെക്കുന്ന ആത്മവിശ്വാസം തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും താരം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവെക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്. ആദ്യ കേള്‍വിയില്‍ തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ യെസ് പറയാന്‍ കൂടുതലായൊന്നും ആലോചിക്കേണ്ടി വരില്ല. ‘ മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയുടെ കഥ അത്തരത്തിലൊന്നാണ്.
അഞ്ചാം പാതിരയും കഥ കേട്ട പാടെ ഓക്കെ പറയുകയായിരുന്നു. പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല എങ്കിലും വണ്‍ ലൈന്‍ ത്രില്ലടിപ്പിച്ചു. അഞ്ചാം പാതിരയുടെ കഥ കേട്ടുകഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ്.
ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നുപറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയത്.
ചില സിനിമകളും അഭിനയിച്ച കഥാപാത്രങ്ങളും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കും. മുന്‍പ് ഇങ്ങനെ പലരും പറയുമ്പോള്‍ കഥാപാത്രം വിട്ടുപോകുന്നില്ല എന്ന ഡയലോഗൊക്കെ കേള്‍ക്കുമ്പോള്‍ കുറച്ച് ഓവറല്ലേ ഇത്തരം സംസാരമെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയെ കുറിച്ച് തനിക്ക് അറിയാമെന്നും ചാക്കോച്ചന്‍ പറയുന്നു.
കഠിനാധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാടു പേരുണ്ടെന്നും അത്രയൊന്നും പ്രയാസങ്ങള്‍ സഹിക്കാതെ തന്നെ പേരും പ്രശസ്തിയും നേടിയവരെയും ഈ മേഖലയില്‍ കാണാമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ജീവിതത്തില്‍ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. യാതൊരു കഠിനാധ്വാനവുമില്ലാതെ ഒട്ടും താത്പര്യമില്ലാതെ സിനിമയിലേക്കെത്തി സൂപ്പര്‍ ഹിറ്റ് ചിത്രത്തോടെ സിനിമയില്‍ ഇടം നേടിയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ രണ്ടാം വരവില്‍ വിജയിക്കാനായി വലിയ ഹോംവര്‍ക്കുകളും കഠിനാധ്വാനവും വേണ്ടിവന്നു.
ഏതുമേഖലയിലും എന്ന പോലെ കഴിവും അധ്വാനവും ഭാഗ്യവുമെല്ലാം സിനിമയിലും ഒരു ഘടകം മാത്രമാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്റെ ആഹ്ലാദത്തിന്റെ മാത്രം ലോകമാണ്. എന്നാല്‍, മറ്റേതു മേഖലയെയും പോലെ ഇവിടെയും പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ട്, ചാക്കോച്ചന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക