Malayalam Cinema
എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന നിലപാടെടുത്തിരുന്നെങ്കില്‍ നല്ല ഒരുപാട് സിനിമകള്‍ നഷ്ടപ്പെട്ടേനെ: കുഞ്ചോക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 29, 11:40 am
Monday, 29th March 2021, 5:10 pm

കഥാപാത്രത്തിന്റെ സ്‌ക്രീന്‍ സ്‌പേസ് നോക്കിയല്ല സിനിമയുടെ ഭാഗമാകുന്നതെന്നും അഭിനയിക്കുന്ന വേഷം പ്രേക്ഷകമനസ്സില്‍ ഇടം നേടുമോ, മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണോ എന്നെല്ലാമാണ് ചിന്തിക്കുന്നതെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍. ഇങ്ങനെ അഭിനയിച്ച സിനിമകളെല്ലാം തനിക്ക് സമ്മാനിച്ച നേട്ടങ്ങള്‍ വലുതാണെന്നും ‘ഹൗ ഓള്‍ഡ് ആര്‍ യു’വും ‘ടേക്ക് ഓഫു’മെല്ലാം ആഹ്ലാദം ന ല്‍കിയ വിജയങ്ങളാണെന്നും കുഞ്ചാക്കോ ബോബന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമയിലെ ടൈറ്റില്‍ റോളിലുള്ള മോഹന്‍കുമാര്‍ എന്റെ കഥാപാത്രമല്ല. പ്രേക്ഷകര്‍ സ്വീകരിക്കുന്ന വലിയ ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ എത്തുന്നതുപോലും അഭിമാനമായാണ് കാണുന്നത്. നല്ല സിനിമകളുടെ ഭാഗമാകണം എന്ന നിര്‍ബന്ധബുദ്ധിമാത്രമാണ് ഇന്നുള്ളത്.

സഹകരിക്കുന്ന സിനിമകളിലെല്ലാം എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ എന്ന നിലപാടെടുത്തിരുന്നെങ്കില്‍ നല്ല ഒരു പാട് സിനിമകളുടെ ഭാഗമാകാന്‍ കഴിയാതെ പോയേനെയെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സിനിമ നല്‍കുന്ന പോസിറ്റീവും നെഗറ്റീവും നേരിട്ടറിഞ്ഞ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സിനിമാ പാരമ്പര്യമുള്ള തറവാട്ടില്‍നിന്ന് ഒട്ടും താത്പര്യമില്ലാതെ അഭിനയിക്കാനിറങ്ങിയിട്ടും വലിയ വിജയം സമ്മാനിച്ച് സിനിമ എന്നെ സ്വീകരിച്ചു. ‘അനിയത്തിപ്രാവ്’ മലയാളത്തിലെ വന്‍വിജയമായി. നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതില്ലാതെ വരുമ്പോള്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്.

സിനിമയില്‍നിന്ന് ഒരു ഇടവേളയെടുത്ത് കുറച്ചുകാലം മാറി നിന്നു. എന്നാല്‍ സിനിമ തന്നെയാണ് എന്റെ വഴിയെന്ന് പിന്നീട് സ്വയം തിരിച്ചറിഞ്ഞു.

‘അനിയത്തിപ്രാവ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍നിന്നായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യുക എന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ചെറിയ വേഷങ്ങളും ഗസ്റ്റ് റോളുകളും മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊപ്പവുമെല്ലാം സഹകരിച്ചു. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു നീങ്ങുന്നതിന്റെ വിജയമാകും ഇന്ന് ലഭിക്കുന്ന ചിത്രങ്ങളെല്ലാം, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Kunjacko Boban About His Film Career and Flops