രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഭ്രമത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മികച്ച വേഷങ്ങളിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ ജഗദീഷ്. 2018ലിറങ്ങിയ ഹിന്ദി ചിത്രമായ അന്ധാധുനിന്റെ മലയാളം പതിപ്പായ ഭ്രമത്തില്‍ സ്വാമി എന്ന മധ്യവയസ്‌കനായ ഡോക്ടറുടെ വേഷത്തിലാണ് ജഗദീഷ് എത്തുന്നത്.
അവയവ മാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. സ്വാമിയായി വളരെ സ്വാഭാവികമായ പ്രകടനമാണ് ജഗദീഷ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പകുതിയോടെയാണ് ജഗദീഷ് എത്തുന്നതെങ്കിലും പിന്നീട് താന്‍ വരുന്ന ഓരോ സീനുകളും നടന്‍ മികച്ചതാക്കുന്നുണ്ട്.
ശരാശരി നിലവാരം പുലര്‍ത്താത്ത റീമേക്കായിപ്പോയ ഭ്രമത്തില്‍ ഒരല്‍പം ആശ്വാസമാകുന്നത് ജഗദീഷിന്റെ ഈ പ്രകടനമാണ്. ചിത്രത്തിലെ ഡാര്‍ക് ഹ്യൂമര്‍ തന്റെ അവതരണത്തിലൂടെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചിരിക്കുന്നതും ജഗദീഷിന് തന്നെയാണ്.
തികച്ചും ക്രൂരമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും സാധാരണ കാര്യമായി തോന്നും വിധം അവതരിപ്പിക്കാന്‍ ഡോ. സ്വാമിയിലൂടെ നടന് അനായാസം സാധിക്കുന്നുണ്ട്.
തമാശ നിറഞ്ഞ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി പിന്നീട് സഹനടനായും നായകനായും വില്ലനായുമെല്ലാം പകര്‍ന്നാട്ടം നടത്തിയ ജഗദീഷില്‍ നിന്നും മലയാള സിനിമയ്ക്ക് ഇനിയും ഒട്ടേറെ മികച്ച വേഷങ്ങള്‍ പ്രതീക്ഷിക്കാമെന്ന് തന്നെയാണ് ഭ്രമം ഉറപ്പ് നല്‍കുന്നത്.
അടുത്തിടെ ഇറങ്ങിയ വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ജഗദീഷ് എത്തിയിരുന്നു. ബ്രോ ഡാഡി, പട, ഖാലി പഴ്‌സ് ഓഫ് ബില്യണേയ്‌ഴ്‌സ് എന്നിവയാണ് ജഗദീഷിന്റെ ഇറങ്ങാനുള്ള ചിത്രങ്ങള്‍.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഭ്രമത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായ റേ മാത്യൂസിനെ അവതരിപ്പിച്ചിരിക്കുന്നത്. മംമ്ത, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, സ്മിനു സിജോ, ശങ്കര്‍, അനീഷ് ഗോപാല്‍, നന്ദന വര്‍മ, അനന്യ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
എ.പി ഇന്റര്‍നാഷണലും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവി കെ. ചന്ദ്രന്‍ തന്നെയാണ് ഭ്രമത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതസംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദാണ്.