Malayala cinema
'മമ്മൂക്ക എന്റെ നെഞ്ചത്ത് വീണ് കരഞ്ഞു, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല'; മമ്മൂട്ടിയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് ഇര്‍ഷാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 10:55 am
Friday, 12th March 2021, 4:25 pm

നടന്‍ മമ്മൂട്ടിയുമായുള്ള ഷൂട്ടിംഗ് അനുഭവം തുറന്ന് പറഞ്ഞ് നടന്‍ ഇര്‍ഷാദ്. തനിക്ക് മമ്മൂട്ടിയോട് അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ മമ്മൂട്ടി എപ്പോഴും അപ്രതീക്ഷിതമായാണ് പെരുമാറുകയെന്നും ഇര്‍ഷാദ് പറയുന്നു.

വര്‍ഷം സിനിമയില്‍ അഭിനയിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് ഇര്‍ഷാദ് പങ്കുവെച്ചത്.

‘വര്‍ഷം സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്കയുമായി എനിക്ക് അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ മകന്റെ മൃതദേഹം കൊണ്ട് വരുമ്പോള്‍ താഴേക്ക് ഇറങ്ങി വന്ന് മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലുന്ന സീന്‍ ആണ്. ആ സമയത്ത് ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം മറ്റു റിഹേഴ്‌സലൊന്നും എടുത്തിട്ടില്ല. നേരെ എന്റെ നെഞ്ചത്ത് വീണ് ഒരു കരച്ചിലായിരുന്നു.

അങ്ങനൊരു സീന്‍ ഞാനോ ഡയറക്ടറോ ആരും പ്രതീക്ഷിച്ചതല്ല, പുള്ളി കയ്യില്‍ നിന്ന് എടുത്ത് ഇട്ടതാണ്.

ഞാന്‍ ആകെ ഇമോഷണലായി. അതിന് പുറമെ ഞാന്‍ അപ്പോള്‍ ആലോചിക്കുന്നത് എന്റെ വിയര്‍പ്പ് പ്രശ്‌നമാവുമോ? ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. ഇത് ഒട്ടും ആലോചിക്കുന്നുമില്ല. പുള്ളിക്കെന്തെങ്കിലും തോന്നുമോ എന്നൊക്കെയാണ് ആലോചിച്ചത്,’ ഇര്‍ഷാദ് പറഞ്ഞു.

പക്ഷെ അതാണ് മമ്മൂട്ടി. തീര്‍ത്തും അപ്രതീക്ഷിതമായി പെരുമാറുന്ന വ്യക്തി കൂടിയാണ് അദ്ദേഹമെന്നും ഇര്‍ഷാദ് പറയുന്നു. തന്റെ ഉമ്മ മരിച്ച സമയത്ത് മമ്മൂട്ടി വീട്ടില്‍ വന്ന സംഭവം ഓര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചുവര്‍ഷം മുമ്പാണ് ഉമ്മ മരിക്കുന്നത്. അന്ന് വൈകുന്നേരം ആന്റണി പെരുമ്പാവൂര്‍ വിളിച്ചു. എപ്പോഴാണ് മയ്യത്ത് എടുക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ സത്യത്തില്‍ അത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നു.

ഒരു അഞ്ചുമണിയായപ്പോള്‍ മമ്മൂക്കയും ആന്റോ ചേട്ടനും കൂടി വന്നു. എനിക്കങ്ങനെ അടുത്ത് പെരുമാറാനോ സ്വാതന്ത്ര്യം എടുക്കാനോ പറ്റിയിരുന്ന ഒരാള്‍ ആയിരുന്നില്ല മമ്മൂക്ക. പക്ഷെ അദ്ദേഹം അങ്ങനെയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അപ്രതീക്ഷിതമാണ്. ചിലപ്പോള്‍ ഏതെങ്കിലും പടത്തില്‍ നമ്മള്‍ വേണ്ടെന്ന് വരെ പറഞ്ഞിട്ടുണ്ടാവാം എന്നും ഇര്‍ഷാദ് പറയുന്നു.

ജിഞ്ചര്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Irshad explaining his shooting and other experience with Mammootty