ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന് : ഒരു വിലാപം എന്ന മീര ജാസ്മിന്‍ നായികയായി എത്തിയ ചിത്രത്തില്‍ റസാഖ് എന്ന കഥാപാത്രത്തെ ഇര്‍ഷാദ് അവതരിപ്പിച്ചിരുന്നു.
ചിത്രത്തിലെ പ്രകടനത്തിന് മീര ജാസ്മിന് 2003 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും കേരള ചലച്ചിത്രപുരസ്‌കാരവും ലഭിച്ചിരുന്നു.
അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയില്‍ അഭിനയിച്ചിട്ടും പിന്നീട് ഒരു വര്‍ഷം അവസരങ്ങള്‍ ലഭിക്കാതെ വെറുതെ ഇരിക്കേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഇര്‍ഷാദ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2002ലാണ് പാഠം ഒന്ന് : ഒരു വിലാപം ഷൂട്ട് ചെയ്യുന്നത്, 2003ല്‍ സിനിമ റിലീസായി. സിനിമ റിലീസാവുന്നു, അന്നത്തെ ഏറ്റവും തിരക്കുള്ള നായികയായ മീര ജാസ്മിന്റെ നായകനായി ഞാന്‍ അഭിനയിക്കുന്നു, സിനിമ ഇറങ്ങിയാല്‍ പിന്നെ എന്റെ ജാതകം ആകെ മാറും, എന്റെ നല്ല സമയവും തുടങ്ങും എന്നൊക്കെയായിരുന്നു അന്ന് ഞാന്‍ വിചാരിച്ചത്.
അങ്ങനെ സിനിമ ഇറങ്ങുന്നു, സിനിമയിലെ അഭിനയത്തിന് മീരാ ജാസ്മിന് നാഷണല്‍ അവാര്‍ഡ് കിട്ടി. നിരവധി ആളുകള്‍ അവരെ സമീപിച്ചു. പക്ഷേ എന്നെ ഒരു സിനിമാക്കാരും വിളിച്ചില്ല.
ഒരു വര്‍ഷം ഞാന്‍ ഒരു പണിയുമില്ലാതെ വെറുതെ ഇരുന്നു. അന്ന് ചെറുതായി സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. വല്ലപ്പോഴും ഒരു സീരിയലിന് പോകുമായിരുന്നു. പക്ഷേ പാഠം ഒന്ന് ഒരു വിലാപമിറങ്ങിയപ്പോള്‍ ഞാന്‍ സീരിയലും നിര്‍ത്തി. കാരണം ഞാന്‍ സിനിമാക്കാരനായല്ലോ, എനിക്ക് ഇനി സീരിയലിന്റെ ആവശ്യമില്ല എന്നൊക്കെയായിരുന്നു എന്റെ ചിന്ത. അതുകൊണ്ട് ഒരു വര്‍ഷം ഞാന്‍ വെറുതെ വീട്ടിലിരുന്നു.
പിന്നെ ഒരു സീരിയല്‍ കിട്ടിയപ്പോള്‍ രക്ഷപ്പെട്ടു. എനിക്ക് അന്നും ഇന്നും പി.ആര്‍ വര്‍ക്കില്ല , ആ പണി അറിയാത്തത് കൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ആരെങ്കിലും മനപൂര്‍വം അവഗണിച്ചതായി കരുതുന്നില്ലെന്നും കംഫേര്‍ട്ട് ആയിട്ടുള്ള ആളുകള്‍ തന്നെ സമീപിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
” സിനിമയില്‍ എന്നെ അവഗണിച്ചവരുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമ്മളെ ആവശ്യമുള്ളവര്‍ സമീപിക്കും. എന്നെ ആരും വിളിച്ചില്ല എന്നതിന്റെ പുറത്ത് നമ്മളെ അവര്‍ അവഗണിച്ചു എന്ന് കരുതേണ്ടതില്ല. അവര്‍ക്ക് എന്നെ ആവശ്യമില്ലാത്തത് കൊണ്ടാണ് വിളിക്കാത്തത്. അല്ലാതെ അവഗണന എന്ന പദം തെറ്റാണ്.
എനിക്ക് പകരം അവര്‍ക്ക് വേറെ ആളുകള്‍ ഉള്ളത് കൊണ്ടാണ് അവര്‍ എന്നെ വിളിക്കാത്തത്. അങ്ങനെ അവര്‍ വിളിക്കുന്നില്ല എന്നാണെങ്കില്‍ അവര്‍ക്ക് ഞാന്‍ കംഫേര്‍ട്ട് അല്ല എന്നാണ് അര്‍ത്ഥം. അല്ലാതെ അത് എന്നെ അവഗണിക്കുന്നതാണെന്ന് കരുതുന്നില്ല.
നമുക്ക് വന്നു ചേരേണ്ടത് നമ്മളിലേക്ക് വന്നു ചേരുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഖുര്‍ ആനില്‍ പറയുന്ന ഒരു കാര്യമുണ്ട് , ഓരോ അരിമണിയിലും അത് കഴിക്കാനുള്ള വ്യക്തിയുടെ പേര് എഴുത് വെച്ചിട്ടുണ്ടാകും. അതുപോലെ എനിക്ക് കഴിക്കാനുള്ളത് എന്നെ തേടിയെത്തും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Actor Irshad Ali about his movie paadam onnu oru vilapam