വൈകുന്നേരമാകുമ്പോള്‍ ഓരോ ലക്ഷം രൂപയുടെ ചെക്ക് എഴുതിത്താ, ഞാന്‍ വീട്ടിലും ഇതുപോലെ ഉഷാറായിരിക്കാം; ഭാര്യയുടെ ചോദ്യത്തോടുള്ള ഇന്നസെന്റിന്റെ മറുപടി പങ്കുവെച്ച് ലാല്‍
ലാലും മകന്‍ ജീന്‍പോളും ചേര്‍ന്ന് സംവിധാനം ചെയ്ത സുനാമി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇന്നസെന്റും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ലാലും മകനും.
ഇന്നസന്റ്, മുകേഷ് എന്നിവരുടെ പഴയകാല നര്‍മ രംഗങ്ങളിലേക്കുള്ള തിരിച്ചുപോക്കാവും ഈ ചിത്രമെന്നും അവരുടെ ‘ഹ്യൂമര്‍ പവര്‍’ പഴയ അതേ ഊര്‍ജത്തില്‍ പ്രയോഗിച്ചിരിക്കുന്ന ചിത്രമാണ് സുനാമിയെന്നും മലയാള മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നുണ്ട്.
ചിത്രത്തില്‍ ഇന്നസെന്റ് അപാരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് പറഞ്ഞ ലാല്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെ ഉണ്ടായ ഒരു നര്‍മ സംഭവം കൂടി പങ്കുവെച്ചു.’ പ്രിവ്യൂ ഷോയ്ക്ക് ഇന്നസന്റ് കുടുംബത്തോടൊപ്പമാണെത്തിയത്. ‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്നാണ് ഇന്നസെന്റിന്റെ ഭാര്യ ചിത്രം കണ്ടു കഴിഞ്ഞു ചോദിച്ചത്.
‘എടീ, അതേ, നീ വൈകുന്നേരമാകുമ്പോള്‍ ഓരോ ലക്ഷം രൂപയുടെ ചെക്ക് എഴുതിത്താ, ഞാന്‍ വീട്ടിലും ഇതുപോലെ ഉഷാറായിരിക്കാം’ എന്നായിരുന്നു ഇന്നച്ചന്റെ കൗണ്ടര്‍, ലാല്‍ പറയുന്നു.
ഗോഡ്ഫാദറിന്റെ ഷൂട്ടിങ് സമയത്തു ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞൊരു തമാശയില്‍നിന്നാണു സിനിമയുടെ പിറവിയെന്നും സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചതെന്നും അന്ന് ഈ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ച് ഒരു വഴിക്കായെന്നും ലാല്‍ പറയുന്നു.
ഈ സംഭവവും കഥയും പിന്നീട് വീട്ടില്‍ പറഞ്ഞപ്പോഴും കൂട്ടച്ചിരിയായിരുന്നു. മരുമകനും നിര്‍മാതാവുമായ അലനാണ്, ‘പപ്പാ, ഇതു വച്ചൊരു സിനിമ ചെയ്തൂടെ’ എന്നു ചോദിക്കുന്നത്. ചോദ്യം മാത്രമല്ല, ‘എഴുതു പപ്പാ’ എന്നും പറഞ്ഞ് പിന്നാലെ നടക്കാനും തുടങ്ങി. സിനിമയില്‍ പറയാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു തീമാണ്.
ആയിടയ്ക്ക് ഒരു തമിഴ് സിനിമയുടെ സെറ്റിലായിരുന്നപ്പോള്‍ ഒരുപാടു സമയം കിട്ടി. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. എഴുതിയ ഭാഗം വിലയിരുത്തിയപ്പോള്‍ ആത്മവിശ്വാസമായി. ഇന്നസന്റിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷമായി.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇന്നസന്റ് വീണ്ടും വിളിച്ചു. സംവിധായകന്‍ പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞ വിവരം പങ്കുവെച്ചു, ലാല്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക