'നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പു ചോദിച്ചാവണം'; പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടി
Malayala cinema
'നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പു ചോദിച്ചാവണം'; പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 7:46 am

കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ ഇന്ന് പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയത്. മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരിച്ച് പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതെ പോവുകയുള്ളു എന്നും ഹരീഷ് പറഞ്ഞു.

ഇടവേള ബാബുവിന് പറ്റിയത് നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പ് ചോദിച്ചിട്ടാണെന്നും ഹരീഷ് പറഞ്ഞു.

‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി,’ ഹരീഷ് ഫേസ്ബുക്കില്‍ എഴുതി.

നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.

ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.

അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.

നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Hareesh Parady in solidarity with Parvathy Thiruvoth on her resignation from AMMA