ദൃശ്യം 2 സൃഷ്ടിച്ച അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും സിനിമാ ആസ്വാദകര്‍ ആഘോഷമാക്കുകയാണ്. ദൃശ്യത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു സി.ഐ ഫിലിപ്പ് മാത്യു എന്ന ഗണേഷ് കുമാര്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രം.
സി.ഐ ഫിലിപ്പ് മാത്യുവിനെ മികച്ചതാക്കാന്‍ ഗണേഷ് കുമാറിന് സാധിക്കുകയും ചെയ്തു. ജീത്തു ജോസഫുമായുള്ള ഗണേഷിന്റെ രണ്ടാമത്തെ സിനിമയാണ് ദൃശ്യം 2.
ജീത്തുവിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും തന്റെ കഥാപാത്രങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ജിത്തുവിന് പരിപൂര്‍ണ്ണ ബോധ്യമുണ്ടെന്നും പറയുകയാണ് ഗണേഷ് കുമാര്‍.
എഴുതിയുണ്ടാക്കുന്ന കഥാപാത്രത്തിന് സ്‌ക്രീനില്‍ ജീവന്‍ കൊടുക്കുന്നതില്‍ ജിത്തുവിനുള്ള കഴിവ് അപാരമാണെന്നും ഇന്റലിജന്റായുള്ള സ്‌ക്രിപ്റ്റാണ് സിനിമയുടെ ജീവനെന്നും ഗണേഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിനൊപ്പം ദൃശ്യം 2 വിന്റെ റിലീസ് തീരുമാനിച്ചിരിക്കെ അവസാനനിമിഷം തന്റെ കഥാപാത്രം സിനിമയില്‍ പറഞ്ഞ ഒരു ഡയലോഗ് മാറ്റിപ്പറയേണ്ടി വന്നതിനെ കുറിച്ചും ഗണേഷ് മനസുതുറക്കുന്നുണ്ട്.
‘സിനിമയിലെ ഒരു ഡയലോഗ് പോലും ലൊക്കേഷനില്‍ വച്ച് മാറ്റിപറഞ്ഞിട്ടില്ല. ചിലതു മാറ്റണമെങ്കില്‍ അത് ജീത്തു തന്നെ മാറ്റും. എംടി സാറിന്റെയും പദ്മരാജന്‍ ചേട്ടന്റെയും ഡയലോഗ് അവര്‍ മാറ്റാന്‍ സമ്മതിക്കില്ല.എഴുതി വച്ചേക്കുന്നതു അതുപോലെ അഭിനയിക്കണം. എന്നാല്‍, ജീത്തുവിന്റെ ഒരു ഡയലോഗ് പോലും ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല. സിനിമയെക്കുറിച്ച് ജീത്തുവിന് നല്ല ധാരണയാണ്. പെര്‍ഫക്ട് ആയിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട്. ‘
‘ഡബ്ബിങ് ഒക്കെ കഴിഞ്ഞ് ദൃശ്യം 2 റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഒരു ദിവസം ജീത്തു വിളിച്ചിട്ട് പറയുകയാണ് ‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം. പറഞ്ഞ തീയതി മാറിപ്പോയി..’ വരുണിന്റെ ബോഡി, റബര്‍ മരങ്ങളുടെ ഇടയില്‍ കുഴിച്ചിട്ടുകാണും എന്ന് പറയുന്ന ഡയലോഗാണ്, അതില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് മാറിപ്പോയിരുന്നു. ഞാന്‍ വീട്ടിലിരുന്നു ഫോണില്‍ റെക്കോര്‍ഡ് ചെയ്താണ് അത് അയച്ചുകൊടുത്തത്. പിന്നീട് അതു സിനിമയ്‌ക്കൊപ്പം ചേര്‍ത്തു. ഒരു തെറ്റുപോലും വരാന്‍ പാടില്ലെന്ന നിര്‍ബന്ധമാണ് ആ പെര്‍ഫെക്ഷനു പിന്നില്‍.’ഗണേഷ് കുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക