കൊച്ചി: ഇന്ത്യയുടെ ഭരണം എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന്റെ കരങ്ങളിലേക്ക് എത്തിയില്ലെങ്കില്‍ ഒരു വലിയ വിപത്തിലേക്കായിരിക്കും രാജ്യത്തിന്റെ പോക്കെന്ന് നടന്‍ ധര്‍മ്മജന്‍.
നമ്മുടേത് ഒരു മതേതര രാഷ്ട്രമാണെന്നും അതിനനുസരിച്ചുള്ള പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ സംഘടനയാവണം ഇന്ത്യ ഭരിക്കേണ്ടതെന്നും അതിന് സാധിച്ചില്ലെങ്കില്‍ നമ്മുടെ രാജ്യം വലിയ പതനത്തിലേക്ക് വീഴുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. മതേതര സര്‍ക്കാരുണ്ടാക്കാന്‍ കെല്പ്പുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്നും ധര്‍മ്മജന്‍ കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ത്യയുടെ ഭരണം തിരിച്ച് കിട്ടിയാല്‍ ആരാവും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കൂടാതെ മലയാളികളടക്കം പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കാവുന്ന സമുന്നതരായ എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നായിരുന്നു ധര്‍മ്മജന്റെ മറുപടി.
‘ പ്രധാനമന്ത്രി ആരാകുമെന്നൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യങ്ങളല്ലേ. സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ പോലും ആരായിരിക്കണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
നമ്മളാരും വിചാരിക്കാത്ത ഒരു സമയത്തായിരുന്നു മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കൂടാതെ മലയാളികളടക്കം പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കാവുന്ന സമുന്നതരായ എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ആരാകും പ്രധാനമന്ത്രി, ആരാകും മുഖ്യമന്ത്രിയെന്നൊക്കെ വഴിയേ തീരുമാനിക്കേണ്ട കാര്യങ്ങളാണ്,’ ധര്‍മ്മജന്‍ പറഞ്ഞു.
മാതൃകയാക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി സാറും രമേശ് ചെന്നിത്തല സാറും തനിക്ക് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നേതാക്കളാണെന്നും പക്ഷേ അവരെക്കാളൊക്കെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് ലീഡര്‍ കെ. കരുണാകരന്‍ സാര്‍ ആയിരുന്നുവെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘ലീഡറിനൊപ്പം എനിക്ക് നായനാര്‍ സഖാവിനെയും ഇഷ്ടമായിരുന്നു.കെ.സി. വേണുഗോപാലും പി.സി. ചാക്കോയുമടക്കം കോണ്‍ഗ്രസിന്റെ സമു ന്നതരായ നേതാക്കളെയെല്ലാം ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഷാഫി പറമ്പിലിനോടും ഹൈബി ഈഡനോടുമൊക്കെ ആരാധനയോടെയുള്ള ഇഷ്ടമുണ്ട്.
എറണാകുളത്തുകാരനായത് കൊണ്ട് ഹൈബിയോടും വി.ഡി. സതീശന്‍ എം.എല്‍.എയോടുമൊക്കെ നല്ല അടുപ്പമുണ്ട്. എം.പിയായ ബെന്നി ബഹനാന്‍ ചേട്ടനോടും എം.എല്‍.എമാരായ റോജി ജോണിനോടും അന്‍വര്‍ സാദത്തിനോടുമൊക്കെ അടുപ്പമുണ്ട്. ആലപ്പുഴയിലെ ഇടത് എം.പി ആരിഫിക്കയോടും നല്ല അടുപ്പമാണ്. ഒരു കലാകാരനെന്ന നിലയ്ക്ക് പലപരിപാടികള്‍ക്കും അദ്ദേഹം എന്നെ വിളിക്കാറുണ്ട്. ഒരു കലാകാരനെന്ന നിലയ്ക്ക് ഞാന്‍ പോകാറുമുണ്ട്,’ധര്‍മ്മജന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക