മലയാള സിനിമയിലെ പുത്തന്‍ താരോദയമാണ് ചന്തുനാഥ്. മമ്മൂട്ടി നായകനായ പതിനെട്ടാം പടി എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.
ഇപ്പോള്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലും ഗൗരവക്കാരനായ, എന്നാല്‍ മനുഷ്യത്വമുളള പൊലീസ് ഓഫീസറായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ചന്തുനാഥ്.
പുതിയ സിനിമകളേപ്പറ്റിയും കൊവിഡ് കാലത്തെ തന്റെ സിനിമാ ജീവിതത്തേപ്പറ്റിയും ഫ്‌ളാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. എല്ലാവരേയും ഒരുപോലെ ബാധിച്ച കൊവിഡ് തന്നെയും കഷ്ടത്തിലാക്കിയെന്ന് താരം പറയുന്നു.
‘ലാലേട്ടന്റെ റാം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് കൊവിഡ് പടരുന്നത്. സ്വപ്നത്തിലേക്കൊന്ന് പിടിച്ച് കയറിയപ്പോഴേക്കും നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയിലായിരുന്നു അപ്പോള്‍.
പിന്നെ ‘ചോര’ എന്ന ഷോര്‍ട്ട് ഫിലിമിനായി കൂടുതല്‍ സമയം മാറ്റിവെച്ചു. ആ സമയത്താണ് സംവിധായകന്‍ ജീത്തു ജോസഫ് ട്വല്‍ത്ത് മാനിലേക്ക് ക്ഷണിക്കുന്നത്.
മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുക എന്നത് കുടുംബത്തിലേക്ക് തിരിച്ച് ചെല്ലുന്നത് പോലെയാണ് എന്നതിനാല്‍ സന്തോഷം തോന്നി’, താരം പറയുന്നു.
നല്ല സിനിമകളില്‍ അഭിനയിക്കുക എന്നതു തന്നെയാണ് ഏതൊരു നടനേപ്പോലെ തന്റെയും ആഗ്രഹമെന്ന് ചന്തുനാഥ് സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായ പതിനെട്ടാം പടിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.