Advertisement
Entertainment
ഞാന്‍ ടി.വി മേടിച്ചപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു, അത് സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു: ബിനീഷ് ബാസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 19, 11:50 am
Wednesday, 19th October 2022, 5:20 pm

ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റിന്റെ ഒരു വീഡിയോ കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം 55 ഇഞ്ച് ടി.വി വാങ്ങിയിട്ട് വീട്ടിലെത്തിച്ച് അത് ടേപ്പ് വെച്ച് അളന്നപ്പോള്‍ 49 ഇഞ്ച് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് ബിനീഷിന്റെ വീഡിയോയിലൂടെ ആരോപിച്ചത്.

ഇപ്പോഴിതാ, ടി.വി വാങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ട്രോളുകളെപ്പറ്റി പ്രതികരിക്കുകയാണ് ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിലൂടെ ബിനീഷ് ബാസ്റ്റിന്‍.

‘ഞാന്‍ ടി.വി മേടിച്ചപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു, കാരണം ഞാന്‍ ടി.വി അളന്ന് നോക്കിയ ആളാണ്. കേരളത്തിലെ എല്ലാ ട്രോളന്‍മാരും എന്നെ ട്രോളി. പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു. ടി.വി ഇഞ്ച് കണക്കിനാണ് അളക്കേണ്ടത് എന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ അത് ടേപ്പുകൊണ്ട് അളന്നപ്പോഴാണ് പലരും ഇതിങ്ങനെയല്ല, അങ്ങനെയാണ് അളക്കേണ്ടതെന്ന് മനസിലാക്കിയത്. ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്. ഞാന്‍ ഒരു മേശനായിരുന്നു(മേസ്തിരി). എപ്പോഴും ടേപ്പുകൊണ്ട് വട്ടവും നീളവുമൊക്കെ അളക്കുന്ന ആളാണ്. ഞാനോര്‍ത്തു നീളത്തിലാണ് ടി.വി അളക്കേണ്ടതെന്ന്.

54 ഇഞ്ചിന്റെ ടി.വിയാണ് വാങ്ങിയത്. ഒറ്റ നോട്ടത്തില്‍ 54 ഇഞ്ചുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. അങ്ങനെ ഞാന്‍ ടേപ്പെടുത്ത് അളന്ന് നോക്കിയപ്പോള്‍ അത്രയുമില്ല, 49 ഇഞ്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആള്‍ക്കാരെയൊക്കെ ഒന്ന് അറിയിച്ച് കളയാമെന്ന് ഞാനും കരുതി. ടി.വി കമ്പനിക്കാര് പറ്റിക്കുകയാണെന്ന് വിചാരിച്ചാണ് ഞാന്‍ വീഡിയോ എടുത്തിട്ടത്.

അതുവരെയും കിട്ടാത്ത റീച്ചായിരുന്നു ആ വീഡിയോക്ക്. ബുദ്ധി ജീവികളാണ് കൂടുതല്‍ കമന്റിട്ടത്. എന്റെ വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊന്നും ടി.വി എങ്ങനെയാണ് അളക്കേണ്ടതെന്ന് അറിയില്ലായിരുന്നു. കോണോട് കോണ്‍ ആണ് ടി.വി അളക്കേണ്ടതെന്ന് ഞാന്‍ അങ്ങനെയാണ് അറിയുന്നത്.

ഒരുപാട് ട്രോളുകള്‍ വന്നപ്പോള്‍ നീളം അളക്കുന്നതിന് എന്താ കുഴപ്പം എന്ന് ഞാനതില്‍ ചോദിച്ചു. അതിനെ വിമര്‍ശിച്ചുകൊണ്ടും ഒരുപാട് പേര്‍ വന്നു. ഈ ട്രോളെല്ലാം കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ട്രോളന്‍മാര്‍ വെറുതെയല്ല, കിടിലന്‍ ടീമാണ് നിങ്ങള്‍,’ ബിനീഷ് പറഞ്ഞു.

Content Highlight: Actor Bineesh Bastin Talking about His Controversial Video About TV Measuring