Entertainment news
ഫസ്റ്റ് ഷോ കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ മൈക്കുമായിട്ടാണ് ഇറങ്ങുന്നത്, പടം എങ്ങനെ ഉണ്ടെന്ന് അവിടെ നിന്ന് തന്നെ തീരുമാനിക്കപ്പെടുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 31, 02:23 am
Monday, 31st October 2022, 7:53 am

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയ ഹേ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

സിനിമ ഇറങ്ങുന്ന ആദ്യ ദിനം തന്നെ റിവ്യൂ വരുന്നതിനെക്കുറിച്ച് പറയുകയാണ് ബേസില്‍. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞ് തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ പടം എങ്ങനെ ഉണ്ടെന്ന് അവിടെ നിന്ന് തന്നെ തീരുമാനിക്കുകയാണെന്ന് ബേസില്‍ പറഞ്ഞു.

ഇത് കണ്ടിട്ടാണ് വരും ദിവസങ്ങളില്‍ സിനിമ കാണാന്‍ ആളുകള്‍ വരുകയുള്ളുവെന്നും അതുകൊണ്ട് വലിയ റെസ്‌പോന്‍സിബിലിറ്റിയാണ് തങ്ങള്‍ക്ക് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫില്‍മിഹുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ പറഞ്ഞത്.

”റിവ്യൂ കാലത്തിന്റെ മാറ്റമാണ് അത് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. സിനിമ ഇറങ്ങുമ്പോഴേക്കും റിവ്യൂ വരും അതില്‍ ഒരു സംശയവുമില്ല. ആ മാറ്റത്തിന് അനുസരിച്ച് നമ്മള്‍ സര്‍വൈവ് ചെയ്യുക അതു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു.

സിനിമ നന്നാക്കാനുള്ള ശ്രമം നമ്മള്‍ നടത്തുക. സിനിമ നന്നാകുമോ ഇല്ലയോ എന്നത് ഒക്കെ ഓഡിയന്‍സ് ആണ് തീരുമാനിക്കേണ്ടത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ മൈക്കുമായിട്ടാണ് ഇറങ്ങുന്നത്.

പടം എങ്ങനെ ഉണ്ടെന്ന് അവിടെ നിന്ന് തന്നെ തീരുമാനിക്കുകയാണ്. പത്ത് മണിക്കാണ് സിനിമ ഇറങ്ങുന്നതെങ്കില്‍ ഒരു മണി ആകുമ്പോഴേക്കും വീഡിയോ വരും. അത് നോക്കുമ്പോഴേ അറിയാം ഒരുപാട് വ്യൂ ഉണ്ടാകും.

ആ വീഡിയോ കണ്ടിട്ടാണ് ആളുകള്‍ വെകുന്നേരത്തെ ഷോയ്ക്ക് കേറണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അവരു കണ്ടിട്ട് വേണം നാളെ ഈ സിനിമ കാണണോ വേണയോ എന്ന് മറ്റ് ആളുകള്‍ക്ക് തീരുമാനിക്കാന്‍. ഇതെല്ലാം തരണം ചെയ്യാന്‍ നമ്മള്‍ നല്ല എഫേര്‍ട്ട് എടുക്കേണ്ടി വരും. വലിയ വെല്ലുവിളിയാണ്,” ബേസില്‍ പറഞ്ഞു.

content highlight: actor basil joseph about movie review