Entertainment news
ലാലേട്ടന്റെ റൂമില്‍ ഞങ്ങള്‍ ഒത്തുകൂടിയത് കണ്ട് ആ തമിഴ് നടന്‍ ഞെട്ടി; മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് അസൂയയാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 24, 03:42 pm
Saturday, 24th December 2022, 9:12 pm

ഇന്ത്യയിലെ മറ്റ് സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്യുന്നവരോട് അസൂയ ആണെന്ന് ആസിഫ് അലി. മോഹന്‍ലാലിന്റെ മുറിയില്‍ നിന്ന് സി.സി.എല്ലിന്റെ ആദ്യ സീസണിലെ മത്സരത്തില്‍ പങ്കെടുത്ത നടന്മാര്‍ ഭക്ഷണം കഴിച്ചതും ഒരുമിച്ച് കൂടിയതും കണ്ടിട്ട് ശ്രദ്ധേയനായ ഒരു തമിഴ് നടന് വിശ്വാസമായില്ലെന്നാണ് ആസിഫ് പറഞ്ഞത്.

മലയാളം ഇന്‍ഡസ്ട്രി ഒഴിച്ച് ബാക്കി എല്ലാ ഇന്‍ഡസ്ട്രിയിലും അധികാരശ്രേണിയുണ്ടെന്നും കാപ്പ സിനിമ ഫെഫ്ക്കക്ക് വേണ്ടി ചെയ്യുന്ന സിനിമയാണെന്ന് പറഞ്ഞിട്ട് പലരും അത്ഭുതമായി കണ്ടുവെന്നും ആസിഫ് അലി പറഞ്ഞു. കൗമൂദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മറ്റ് ഇന്‍ഡസ്ട്രികളില്‍ ഒരുപാട് സുഹൃത്തകളെനിക്കില്ല. പക്ഷെ ഉള്ള കുറച്ച് പേരില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, അവര്‍ക്കെല്ലാം നമ്മളോടുള്ളത് അസൂയയാണ്. ഞാന്‍ എപ്പോഴും അഭിമാനം കൊള്ളുന്ന കാര്യമാണത്.

അമ്മയ്ക്ക് വേണ്ടി സ്റ്റേജ് പരിപാടി ചെയ്യുന്നതും മറ്റ് അസോസിയെഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതൊക്കെ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന്, സി.സി.എല്ലിന്റെ ആദ്യ സീസണിലൊരു മത്സരം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി ലാലേട്ടന്റെ മുറിയില്‍ ഒരുമിച്ച് കൂടി. ലാലേട്ടന് വേണ്ടി കൊണ്ടുവന്ന സെപെഷല്‍ ഭക്ഷണം കഴിക്കുന്നു. ഫുള്‍ ടീം ലാലേട്ടന്റെ മുറിയിലിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

പുറത്തേക്ക് വരുമ്പോള്‍ തമിഴില്‍ അത്യാവശ്യം സ്റ്റാര്‍ വാല്യു ഉള്ളൊരു തമിഴ് നടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലാല്‍ സാറിന്റെ ട്രീറ്റാണെന്ന് പറഞ്ഞിട്ട് അവര്‍ക്കത് വിശ്വസിക്കാനാകുന്നില്ല. കാരണം അവിടെ ഒരു ഹൈറാര്‍ക്കിയുണ്ട്. അവരുടെ കുറേയാളുകള്‍ ഇഷ്ടമുള്ളവര്‍ എന്നൊക്കെ പറയുന്ന ഹൈറാര്‍ക്കിയുണ്ടെന്നാണ് അവര്‍ പറയുന്നത്. ശരിക്ക് എനിക്കറിയില്ല.

നമ്മളുടെ കൂട്ടായ്മയും എല്ലാവര്‍ക്കും ഒരു റൂമിലിരിക്കാന്‍ പറ്റുന്നുവെന്നത് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന കാര്യമാണ്. രാജു ചേട്ടനുമായി സംസാരിക്കുന്നവരോട് ഫെഫ്കയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമയാണ് കാപ്പയെന്ന് പറഞ്ഞപ്പോള്‍ പല ഇന്‍ഡസ്ട്രിയിലും അതൊരു അത്ഭുതമായി കണ്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ നമുക്ക് അത് ഒരു അത്ഭുതവുമല്ല,” ആസിഫ് അലി പറഞ്ഞു.

കാപ്പയാണ് ആസിഫിന്റെ പുതിയ ചിത്രം. പൃഥ്വിരാജ്, അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് ഫെഫ്കയാണ്.

content highlight: actor asif ali about malayalam film industry