ഓരോ സിനിമയും കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ കരയാറുണ്ടോ; മറുപടിയുമായി ആസിഫ്
Movie Day
ഓരോ സിനിമയും കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ കരയാറുണ്ടോ; മറുപടിയുമായി ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th February 2022, 11:05 am

സിനിമയ്ക്ക് അകത്തായാലും പുറത്തായാലും സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന താരമാണ് ആസിഫ് അലി. എവിടെ ചെന്നാലും വലിയൊരു സുഹൃദ്‌വലയം താരത്തിന് ഉണ്ടാവാറുണ്ട്.

ഓരോ സിനിമയും കഴിഞ്ഞ് ആ ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ ആസിഫ് അലി കരയാറുണ്ടെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും ഓരോ സിനിമ കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്.

‘ എപ്പോഴും എന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്യമാണ്. അപ്പോള്‍ അതിനെ ഒരു രീതിയിലും രണ്ടാമത് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാന്‍ ചെയ്യില്ല. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഞാനൊരു കംഫര്‍ട്ട് സ്‌പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്‌മെന്റ് അവര്‍ക്ക് എന്നോടുമുണ്ട്’, ആസിഫ് പറയുന്നു.

കൊവിഡ് ഭീഷണി കാരണം സിനിമ ഇല്ലാതിരുന്ന ദിവസങ്ങളെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘ എല്ലാവരേയും പോലെ എനിക്കും കടുപ്പമായിരുന്നു ആ ദിവസങ്ങള്‍. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇറങ്ങിക്കഴിഞ്ഞ സമയത്തായിരുന്നു കൊവിഡ് വരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. പക്ഷേ ആ സന്തോഷത്തിന്റെ തുടര്‍ച്ചകളെ കൊവിഡ് കാലം ഇല്ലാതാക്കി. കൊവിഡ് വന്നതിന് ശേഷം ഒരുപാട് നിയന്ത്രണങ്ങള്‍ വന്നു. പിന്നീട് ഒരു ഫ്‌ളാറ്റിലോ മുറിയിലോ വെച്ച് ഷൂട്ട് ചെയ്യുന്ന സിനിമകള്‍ വന്നുകൊണ്ടിരുന്നു. അതിലും പരിമിതികളുണ്ടല്ലോ’, ആസിഫ് പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന സമയങ്ങളില്‍ ഒരു കസേര പിടിച്ചിടാന്‍ പോലും താന്‍ സ്റ്റേജില്‍ കയറിയിട്ടില്ലെന്നും ഏതാണ് സിനിമയിലേക്കുള്ള വഴി എന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അഭിമുഖത്തില്‍ ആസിഫ് പറയുന്നുണ്ട്.

എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിച്ച് എല്ലാവരും എന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ ആ സമയത്തും എനിക്ക് ഉറപ്പായിരുന്നു ഞാന്‍ എന്തായാലും സിനിമയിലേക്ക് വരുമെന്ന്. പരിശ്രമിക്കുക, നമ്മളില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുക. ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കും. ആ പ്രതീക്ഷ എന്നും എപ്പോഴുമുണ്ട്,’ ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali About His Friends and Cinema Location Experiances